imports

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി നവംബറിലും നേരിട്ടത് നഷ്‌ടം. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന്, ഉത്പന്നങ്ങൾ നേരിട്ട ഡിമാൻഡ് ഇല്ലായ്‌മയാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞമാസത്തെ കയറ്റുമതി വരുമാന നഷ്‌ടം 0.32 ശതമാനമാണ്. 2018 നവംബറിലെ 2,650 കോടി ഡോളറിൽ നിന്ന് 2,598 കോടി ഡോളറായാണ് കയറ്റുമതിയുടെ ഇടിവ്. തുടർച്ചയായ നാലാം മാസമാണ് കയറ്റുമതി നഷ്‌ടത്തിലാകുന്നത്.

ഇന്ത്യയിൽ മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചന വീണ്ടും വ്യക്തമാക്കി, ഇറക്കുമതി തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. പെട്രോളിയം, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയാണ് താഴ്ന്നതെന്നത് മാന്ദ്യത്തിന്റെ തെളിവാണെന്ന് നിരീക്ഷകർ പറയുന്നു. 2018 നവംബറിൽ 4,317 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്‌തിരുന്നു. കഴിഞ്ഞമാസം ഇത് 3,811 കോടി ഡോളറിലേക്ക് താഴ്‌ന്നു. 12.71 ശതമാനമാണ് ഇടിവ്.

അതേസമയം, കയറ്റുമതിയും ഇറക്കുമതിയും തളർന്നത് വ്യാപാരക്കമ്മി കുറയാൻ സഹായകമായിട്ടുണ്ട്. 1,661 കോടി ഡോളറിൽ നിന്ന് 1,212 കോടി ഡോളറായി കമ്മി കുറഞ്ഞു. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ അന്തരമാണിത്. ഔഷധ കയറ്റുമതി കഴിഞ്ഞമാസം 20 ശതമാനം ഉയർന്നു. ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി 46 ശതമാനവും എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ 6.5 ശതമാനവും കയറ്റുമതി നേട്ടമുണ്ടാക്കി. പെട്രോളിയം ഉത്പന്നങ്ങൾ 13.12 ശതമാനം നഷ്‌ടം നേരിട്ടു.

പെട്രോളിയം ഇറക്കുമതി 18.17 ശതമാനം കുറഞ്ഞ് 1,106 കോടി ഡ‌ോളറിലും പെട്രോളിയം ഇതര ഉത്‌പന്നങ്ങളുടെ കയറ്റുമതി 10.26 ശതമാനം കുറഞ്ഞ് 2,704 കോടി ഡോളറിലും ഒതുങ്ങിയത് വ്യാപാരക്കമ്മി കുറയാൻ സഹായകമായി. സ്വർ‌ണം ഇറക്കുമതി 6.59 ശതമാനം വർദ്ധിച്ച് 294 കോടി ഡോളറിലെത്തി.

$21,193 കോടി

നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-നവംബറിൽ കയറ്റുമതി 1.99 ശതമാനം കുറഞ്ഞ് 21,193 കോടി ഡോളറിലെത്തി.

8.91%

നടപ്പുവർഷം ഏപ്രിൽ-നവംബറിൽ ഇറക്കുമതി 31,878 കോടി ഡോളർ. നഷ്‌ടം 8.91 ശതമാനം.

$5,406 കോടി

നടപ്പുവർഷം ഏപ്രിൽ-നവംബറിൽ വ്യാപാരക്കമ്മി 5,406 കോടി ഡോളർ. മുൻവർഷത്തെ സമാന കാലയളവിൽ ഇത് 8,247 കോടി ഡോളറായിരുന്നു.