കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുന്ന നിലപാട് ആവർത്തിച്ച് ഗായകൻ കെ.ജെ.യേശുദാസ്. ശബരിമല തീർത്ഥാടനത്തിന്റെ ലക്ഷ്യം മാറിപ്പോകാതിരിക്കാനാണു യുവതീപ്രവേശം വിലക്കിയിരിക്കുന്നതെന്നും യുവതികൾക്ക് ദർശനം നടത്താൻ മറ്റനേകം ക്ഷേത്രങ്ങൾ ഉണ്ടല്ലോയെന്നും യേശുദാസ് ഞായറാഴ്ച പറഞ്ഞു. യുവതികൾ എത്തിയാൽ തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പൻമാരുടെ മനസിനു ചാഞ്ചല്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴാണു യേശുദാസ് ആദ്യം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തു നിലപാടറിയിച്ചത്. അൻപതു വയസിനു താഴെയുള്ള സ്ത്രീകൾ ശബരിമലയിലേക്കു പോകരുതെന്നാണു പറയുന്നത്. അങ്ങനെ പോയാൽതന്നെ അയ്യപ്പൻ അവരെ കണ്ണു തുറന്നു നോക്കുകയൊന്നുമില്ല. എന്നാൽ ശബരിമലയിലെത്തുന്ന അയ്യപ്പൻമാർ ആ സ്ത്രീകളെ കാണും. അപ്പോൾ അവരുടെ മനസിനു ചാഞ്ചല്യമുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു യേശുദാസ് ഇന്നലെ പറഞ്ഞത്..
2018 സെപ്റ്റംബറിൽ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. ശബരിമലയിലെ പുനഃപരിശോധന ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രിംകോടതി. യുവതീപ്രവേശം അനുവദിച്ചുള്ള വിധി അന്തിമമല്ലെന്നാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിലപാട്.