തിരുവനന്തപുരം: മദ്ധ്യപ്രദേശിലെ വിദിഷയിലേക്ക് ദേശീയ സ്‌കൂൾ തായ്‌ക്കോണ്ടോ മത്സരത്തിന് പോയ കേരള ടീമിന് അഭയാർത്ഥികളെപ്പോലെ ട്രെയിനിലെ ബോഗിയുടെ ഇടനാഴിയിലും ബാത്ത്റൂമിന് മുന്നിലും നിലത്ത് പത്രക്കടലാസ് വിരിച്ച് കിടന്ന് രണ്ടു ദിവസം യാത്ര ചെയ്യേണ്ടി വന്നത് കായിക കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്താചിത്രത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഒന്നേകാൽ കോടി രൂപ മുടക്കി കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിലേക്ക് അയക്കുന്ന സർക്കാരിന് മദ്ധ്യപ്രദേശിലേക്ക് കേരളത്തിന് വേണ്ടി കളിക്കാൻ പോകുന്ന ടീമിന് ട്രെയിനില്‍ ബർത്ത് എങ്കിലും ഏർപ്പാടാക്കി കൊടുത്തു കൂടെയെന്ന് ചെന്നിത്തല ചോദിച്ചു. ഇത് സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ഫോട്ടോയും വാർത്തയും അമ്പരപ്പിക്കുന്നതാണ്.ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ഇങ്ങനെയാണോ സർക്കാർ സ്‌പോർട്‌സിനെ വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്? 12 പെണ്‍കുട്ടികൾ ഉണ്ടായിട്ടും വനിതാ കോച്ചിനെയോ വനിതാ മാനേജരെയോ ഒപ്പം അയയ്ക്കാൻ സാധിക്കാത്തത് മറ്റൊരു നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.