തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 17ന് വിവിധ സംഘടനകൾ നടത്താനിരുന്ന ഹർത്താലിന് തിരിച്ചടി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്നേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തിൽ ഒരു സംഘടനയും അറിയിപ്പ് നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത ഹർത്താൽ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള യാതൊരു നോട്ടീസും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
എസ്‍.ഡി.പി.ഐ, ബി.എസ്‍.പി, എസ്.ഐ.ഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹർത്താലിന് എതിരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.