കൊല്ലം: സംവരണമെന്ന ദുർഭൂതം കുറച്ചു കാലമായി നായർ സമുദായത്തെ ഗ്രസിക്കുന്നുവെന്ന് എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ പറഞ്ഞു. കൊല്ലം ആനന്ദവല്ലീശ്വരം വിദ്യാധിരാജ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നടന്ന അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൊതുമേഖലയ്ക്കു പുറമെ സ്വകാര്യ മേഖലയിലും സംവരണം വന്നതിന്റെ വിഷമതകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സമുദായത്തിലെ വനിതകൾ ഉൾപ്പെടെയുള്ളവർക്ക് വിദ്യാഭ്യാസം എന്നതാണ് ഏക പരിഹാരംമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വരുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തൊഴിൽ നൽകണം. കേരളത്തിൽ ഇന്ന് സവർണ- അവർണ വേർതിരിവുകളില്ല. സംവരണപ്രകാരം ഉദ്യാേഗവും അഡ്മിഷനും ലഭിക്കാൻ മാത്രമാണ് മുന്നാക്കകാരും പിന്നാക്കകാരുമുള്ളു.
യൂണിയൻ പ്രസിഡന്റ് ഡോ.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. മുൻ മേയർ അഡ്വ. വി.രാജേന്ദ്രബാബു ശ്രീവിദ്യാധിരാജ ക്ഷേമനിധി സ്കോളർഷിപ്പ് വിതരണം ചെയ്തു.