കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കേരളത്തിലും. ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ആക്രമിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ദൂരദർശൻ കേന്ദ്രം ഉപരോധിച്ചു. രാത്രി പത്ത് മണിയോടെയായിരുന്നു ദൂരദർശൻ കേന്ദ്രം പ്രവർത്തകർ ഉപരോധിച്ചത്. ജാമിയ മില്ലിയ , അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി തുടങ്ങിയ കോളേജുകളിൽ ക്രൂരമായ പോലീസ് അതിക്രമങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും ഫ്രറ്റേണിറ്റി സംസ്ഥാന അദ്ധ്യക്ഷൻ ഷംസീർ ഇബ്രാഹിം പറഞ്ഞു
വിദ്യാർത്ഥിനികളെ പോലും ഭീകരമായ രീതിയിലാണ് പോലീസ് മർദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്‌പോൺസേഡ് ഗുണ്ടകളും ഡൽഹി പോലീസുമാണ് ഹോസ്റ്റലുകളിൽ പോലും അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ മർദിച്ചു കൊണ്ടിരിക്കുരിക്കുന്നതെന്നും ഷംസീർ ഇബ്രാഹിം പറഞ്ഞു. അതേസമയം ജാമിയ മിലിയ ഇസ്ലാമിയിൽ നടന്ന പൊലീസ് ആക്രമണത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ വൻപ്രതിഷേധം നടക്കുകയാണ്. പൗരത്വഭേദഗതിയില്‍ ജാമിയ മിലിയയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുകൂടിയത്.