drisyam-

ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തതിന് പിന്നാലെ അതൊരു കൊറിയൻ സിനിമയുടെ കോപ്പിയടിയാണെന്ന ആരോപണം തള്ളി സംവിധായകൻ ജീത്തു ജോസഫ്. കൊറിയൻ പടത്തിനകത്ത് അമ്മ മകളെ കൊല്ലുന്നു എന്നതു മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം വേറെയാണ്. പടം റീമേക്കാണെങ്കിൽ ചൈനക്കാർ ഒരിക്കലും പകർപ്പാവകാശം വാങ്ങില്ലായിരുന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു. കാർത്തിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തമ്പി’യുടെ പ്രചാരണത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.


കേരളത്തിൽ ഏത് കൊലപാതക കേസ് വന്നാലും അതിനെയെല്ലാം ‘ദൃശ്യം മോഡൽ’ എന്ന് വിശേഷിപ്പിക്കുന്നതിനെയും ജീത്തു ജോസഫ് എതിർത്തു. ഏറ്റവും ഒടുവിൽ ഉദയംപേരൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ചും ദൃശ്യം മോഡൽ എന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരാമർശിച്ച് ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ” ദൃശ്യം ഒരു നല്ല പേരായതുകൊണ്ട് പെട്ടന്ന് എല്ലാവരും ദൃശ്യം മോഡൽ..ദൃശ്യം മോഡൽ എന്നു പറയുന്നു. ഉദയംപേരൂരിലെ കൊലപാതകത്തിലും അങ്ങനെ കണ്ടു. ഉദയംപേരൂരിലെ കേസിൽ കൊലപാതകമല്ല, കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാര്യയുടെ മൊബെെൽ ഫോൺ ഉപേക്ഷിച്ചതാണ് ദൃശ്യവുമായി ബന്ധമെന്ന് പറയുന്നത്. എന്നാൽ, ദൃശ്യം ചെയ്യുമ്പോൾ എനിക്ക് മൊബെെൽ ഫോൺ ട്വിസ്റ്റ് കിട്ടിയത് ഒരു പത്രത്തിൽ നിന്നാണ്. പത്രത്തിൽ വന്ന വാർത്ത കണ്ടാണ് ദൃശ്യത്തിൽ ഇങ്ങനെയൊരു ഐഡിയ ഉപയോഗിച്ചത്. അങ്ങനെ നോക്കിയാൽ മാദ്ധ്യമപ്രവർത്തകരും ഇതിനൊക്കെ ഉത്തരവാദികളാണ്” ജീത്തു ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.