തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കേരളത്തിലും. തിരുവനന്തപുരത്ത് ഡി.വൈ.എഫ് .ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു.
രാത്രി 11 മണിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. എന്നാൽ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാർ ബാരിക്കേഡിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.