priyanka-gandhi

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുള്ള താക്കീതാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധങ്ങളിലും മറ്റുമായി വിദ്യാർത്ഥികളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക. വിദ്യാർത്ഥികളുടെ പ്രക്ഷോഭം ഭരണകൂടത്തിനുള്ള താക്കീതാണ്. വിദ്യാർത്ഥികളെ കേൾക്കാൻ കേന്ദ്രം തയ്യാറാകണം. പ്രതിഷേധ സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു. പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളെ അടിച്ചമർത്തുന്നതിലൂടെ കേന്ദ്ര സർക്കാർ ഭീരുത്വമാണ് കാട്ടുന്നതെന്നും ജനങ്ങളുടെ ശബ്ദത്തെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

പൗരത്വ ബില്ലിനെതിരെ ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെയും അലിഗഡ് മുസ്ലിം സർവകലാശാലയിലെയും വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭങ്ങൾ പൊലീസുമായുള്ള തുറന്ന ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. അതേസമയം ജാമിയ സർവകലാശാലയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത 67 വിദ്യാർത്ഥികളെ പുലർച്ചെയോടെ പൊലീസ് വിട്ടയച്ചു. വിദ്യാർത്ഥികളെ വിട്ടയച്ചതോടെ ഒമ്പതു മണിക്കൂർ നീണ്ട വിദ്യാർത്ഥികളുടെ പൊലീസ് ആസ്ഥാനം ഉപരോധം അവസാനിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയിയിരിക്കുന്നത്.