ധാക്ക: തങ്ങളുടെ പൗരന്മാർ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്നുവെങ്കിൽ അവരെ തിരിച്ച് കൊണ്ടുവരാൻ തയാറാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്‌ദുൾ മോമൻ. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാൻ തങ്ങൾ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങൾ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അബ്‌ദുൾ മോമൻ.
ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ 'മധുരതരമായ'തും സാധാരണവുമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യങ്ങൾ ആ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും മോമൻ പറഞ്ഞു. സാമ്പത്തിക കാരണങ്ങളാൽ പൗരത്വമുള്ളവർ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കുന്നുവെന്ന വാർത്തയും മോമൻ നിഷേധിച്ചു.
എന്നാൽ തങ്ങളുടെ പൗരന്മാരല്ലാതെ ആരെങ്കിലും അതിർത്തി കടന്ന് ബംഗ്ളാദേശിലേക്ക് കടന്നാൽ അവരെ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ഇന്ത്യ സന്ദർശിക്കാനായി ഇരുന്ന ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തിരക്കാണെന്ന കാരണം പറഞ്ഞുകൊണ്ട് അവസാന നിമിഷം യാത്ര മാറ്റി വച്ചിരുന്നു. എന്നാൽ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിന് ശേഷമാണ് ഇന്ത്യ സന്ദർശിക്കാനുള്ള തീരുമാനം മോമൻ ഉപേക്ഷിച്ചതെന്ന് അഭ്യൂഹമുണ്ട്.