കൊച്ചി: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ആലുവയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണിപ്പൂർ ഗവർണർ നജ്മ ഹെപ്‌ത്തുള്ളയ്ക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ വൈകീട്ടോടെയാണ് ലക്ഷദ്വീപ് സന്ദർശനത്തിനായി മണിപ്പൂർ ഗവർണർ കേരളത്തിലെത്തിയത്. ഇന്ന് രാവിലെ ആലുവ പാലസിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകും വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചത്.
അതേസമയം പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മണിപ്പൂർ സർക്കാരോ അവിടത്തെ ജനങ്ങളോ നിലവിൽ ഈ നിയമവുമായി ബന്ധപ്പെട്ട് എതിർപ്പ് ഉന്നയിക്കുന്നില്ലെന്ന് ഗവർണർ നജ്മ ഹെപ്‌ത്തുള്ള മറുപടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.