കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും നിയമം കയ്യിലെടുക്കാൻ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ രീതിയിൽ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ഗവർണർ പ്രതികരിച്ചു.
സംഘടനകൾക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്‍റെ വാതിലുകൾ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാനും ചര്‍ച്ച ചെയ്യാനും താൻ തയ്യാറാണ്. അക്രമത്തിലേക്ക് പ്രതിഷേധങ്ങൾ പോയാൽ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്രമമുണ്ടായാൽ നിയന്ത്രിക്കുക എന്നത് പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഭരണഘടനയനുസരിച്ച് കേന്ദ്രം പാസാക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.