citizenship-amendment-bil

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യഗ്രഹം. സമരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ സമരത്തിലുണ്ട്.

citizenship-amendment-bil

കൂടാതെ സാംസ്കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രമുഖരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലുമുള്ളവരും, നവോത്ഥാന സമിതി പ്രവർത്തകരും സമരത്തിൽ പങ്കാളികളായിട്ടുണ്ട്. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് കേരളം ഒറ്റക്കെട്ടായി ഉയർത്തുന്ന ശബ്ദത്തോട് എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ഇന്ന് അടിയന്തര എൽ.ഡി.എഫ് യോഗം ചേർന്ന് ഭാവി സമര പരിപാടികൾ ആലോചിക്കും. യു.ഡി.എഫ് നേതൃയോഗവും ചേർന്ന് വിഷയത്തിൽ സ്വന്തം നിലയ്ക്കുള്ള പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 19ന് വൈകിട്ട് ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ പ്രതിഷേധ കൂട്ടായ്മ നടക്കും.