jamia-millia

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ കേന്ദ്ര സർവകലാശാലാ വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി തല്ലിചതച്ചതിന് പിന്നാലെ വികാരപരമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് വിദ്യാർത്ഥികൾ. തനിക്ക് ഈ രാജ്യത്ത് ജീവിക്കാൻ തക്കവണ്ണം സുരക്ഷിതത്വം തോന്നുന്നില്ലെന്നും ഇനി എങ്ങോട്ടു പോകണമാണെന്ന് അറിയില്ലെന്നും ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെടാനാണോ വിധിയെന്നുമെന്നുമാണ് കേന്ദ്ര സർവകലാശാലയിലെ ഒരു വിദ്യാർത്ഥി പ്രതികരിച്ചിരിക്കുന്നത്.

നാളെ തന്റെ സുഹൃത്തുക്കൾക്ക് ഇന്ത്യൻ പൗരന്മാരായി തന്നെ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഈ വിദ്യാർത്ഥി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. ടെലിവിഷൻ ക്യാമറയ്ക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് കൊണ്ട് സംസാരിച്ച വിദ്യാർത്ഥിനി താനൊരു മുസ്ലിം അല്ലെന്നും എന്നിട്ടും ഒന്നാം ദിവസം മുതൽ പ്രക്ഷോഭങ്ങളുടെ ഭാഗമാകുകയാണെന്നും അതിന് കാരണം തന്റെ കുടുംബത്തിന് ഉണ്ടായിട്ടുള്ള ദുരവസ്ഥയാണെന്നും വിദ്യാർത്ഥിനി പറഞ്ഞു. 'ശരിയായ കാര്യത്തിന് വേണ്ടി നിലകൊള്ളാൻ ആയില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്താണ് ഗുണം' പെൺകുട്ടി ചോദിക്കുന്നു.

'പ്രശ്നനങ്ങൾ ആരംഭിച്ചപ്പോൾ ഞങ്ങൾ സർവകലാശാലയിലെ വായനശാലയിലായിരുന്നു. അപ്പോഴാണ് സൂപ്പർവൈസർ ഞങ്ങളെ വിളിച്ച് സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ് എന്ന കാര്യം അറിയിച്ചത്. ഞാൻ അപ്പോൾ തന്നെ ലൈബ്രറി വിട്ട് പുറത്തിറങ്ങാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും നിരവധി വിദ്യാർത്ഥികൾ അഭയം തേടി ലൈബ്രറിയിലേക്ക് എത്തിച്ചേർന്നു. നിമിഷനേരം കൊണ്ട് വായനശാല വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞു.' മറ്റൊരു വിദ്യാർത്ഥിനിയും തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചു.

'ഉടൻ തന്നെ പൊലീസുകാർ അവിടേക്കെത്തി എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അവർ ഞങ്ങളെയെല്ലാം അസഭ്യം പറയാൻ ആരംഭിച്ചു. അധികം താമസിയാതെ ഞങ്ങളോടൊപ്പം പഠിക്കുന്ന ഏതാനും ആൺകുട്ടികൾ ഞങ്ങൾക്ക് മുൻപിലേക്കെത്തി പൊലീസ് അവരെ ക്രൂരമായി ആക്രമിക്കുകയാണ് എന്ന് അറിയിച്ചു. അവരുടെ ഷർട്ടിലും മറ്റും രക്തപ്പാടുകൾ കാണാമായിരുന്നു. ഞങ്ങൾ പെൺകുട്ടികളിൽ ചിലർ പൊലീസിൽ നിന്നും രക്ഷപ്പെടാനായി കുറ്റിക്കാടുകളിലും മറ്റും ഒളിക്കുകയായിരുന്നു.' പെൺകുട്ടി പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെയാണ് ജാമിയ മിലിയയിൽ വിദ്യാർത്ഥികളുടെ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് അതിക്രമത്തിന്റെ വാർത്തകൾ പുറത്ത് വന്നതോടെ രാജ്യത്തെ മറ്റ് സർവ്വകലാശാലകളിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്.