
ആലപ്പുഴ: മകന്റെ വിവാഹ ആഡംബരം അതിരുകടന്നതിന്റെ പേരിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം മനോഹരനെ കഴിഞ്ഞ ദിവസമാണ് സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ ആഡംബരത്തിന്റെ വ്യാപ്‌തി അറിഞ്ഞ പാർട്ടി നേതൃത്വത്തിന് മനോഹരനെതിരെ നടപടി എടുക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ. 'ആഡംബരത്തിനൊക്കെ ഒരു പരിധിയില്ലേ' എന്ന പരിഹാസമാണ് പിന്നണിയിൽ നിന്നു ഉയരുന്നത്. അങ്ങനെ പറയുന്നവരെ കുറ്റം പറയാനും പറ്റില്ലെന്ന് മനോഹരനോട് അടുത്ത വൃത്തങ്ങളും പറയുന്നു.
വീട്ടുപരിസരത്ത് 1600 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് വിവാഹസത്‌കാരത്തിനായി പന്തൽ ഒരുക്കിയത്. ഇതുകൂടാതെ വീടിനു സമീപത്തെ പാടത്ത് എൽ.ഇ.ഡി വാളോടു കൂടി ഒരുക്കിയ മറ്റൊരു പന്തലിൽ ഡി.ജെ പാർട്ടിയും അരങ്ങേറി. ബി.എം.ഡബ്ല്യു കാറിലാണ് വധൂവരന്മാരെ എഴുന്നള്ളിച്ചത്. കൂട്ടിന് ബൈക്ക് അഭ്യാസവും. ഇനി അതിഥികളെ സത്കരിക്കാനാണെങ്കിലോ, ബാഹുബലി മുതൽ പക്ഷി രൂപം വരെയുള്ള നൃത്തരൂപവും ഉണ്ടായിരുന്നു.
കപ്പലണ്ടിയിലും കഞ്ഞിയിലും തുടങ്ങി ബിരിയാണിയുടെ പലതരം വകഭേദങ്ങൾ വരെ തീൻ മേശയിൽ ഒരുക്കി. തുടർന്ന് ആധുനിക ശബ്‌ദസംവിധാനങ്ങളാൽ ഒരുക്കിയ ഡി.ജെ പാർട്ടിയും വെടിക്കെട്ടും.
ഈ മാസം 12നായിരുന്നു മനോഹരന്റെ മകന്റെ വിവാഹം. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് ആഡംബരവിവാഹമെന്നും ഇത്തരം ധൂർത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു നടപടി.
എന്നാൽ വിവാഹപാർട്ടിക്കിടയിൽ തമ്മിൽത്തല്ല് ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ പേരിൽ ഇന്നലെ സമീപത്തെ ചില വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. അതാണ് മനോഹരനെതിരെ പെട്ടെന്നുള്ള നടപടിക്ക് കാരണമെന്നും സൂചനയുണ്ട്. അതേസമയം വിവാഹ സൽക്കാരം ഒരുക്കിയത് താനല്ല മകനാണ് എന്ന് മനോഹരൻ വിശദീകരണം നൽകിയെങ്കിലും നേതൃത്വം അത് ചെവികൊണ്ടില്ല.