
ലക്‌നൗ: അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഡൽഹി പൊലീസ് മേധാവി ഡി.ജി.പി ഒ.പി സിംഗ്. വിദ്യാർത്ഥികളെയെല്ലാം ഇന്നുതന്നെ സർവ്വകലാശാല ക്യാമ്പസിൽ നിന്നും ഒഴിപ്പിക്കുമെന്നും വിദ്യാർത്ഥികളെയെല്ലാം അവരുടെ വീടുകളിലേക്ക് പറഞ്ഞുവിടുമെന്നുമാണ് പൊലീസ് മേധാവി പറഞ്ഞത്. പൊലീസ് സംയമനത്തോടെയാണ് വിദ്യാർത്ഥികളോട് ഇടപെട്ടതെന്നും വിദ്യാർത്ഥികളെ അവർ ആക്രമിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു. അക്രമസംഭങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി എടുക്കുമെന്നും സിംഗ് പറയുന്നു. വിദ്യാർത്ഥികളെ പൊലീസ് വേട്ടയാടുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പുറത്തുവന്ന പശ്ചാത്തലത്തിലാണ് പൊലീസ് മേധാവി ഈവിധം പ്രതികരിച്ചിരിക്കുന്നത്.
അലിഗഡിലെ തെരുവുകളിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ പൊലീസ് അടിച്ചു തകർക്കുന്നതിന്റെയും സർവകലാശാലയുടെ പ്രധാന കവാടത്തിൽ നിന്നും ടിയർ ഗ്യാസ് ഷെല്ലുകൾ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് വൻ വിമർശനത്തിന് കാരണമായിരുന്നു. അക്രമപൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഡൽഹിയിലെ ജാമിയ മിലിയ വിദ്യാർത്ഥികളുടെ പ്രക്ഷോഭത്തിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ടും അവർക്കെതിരെ ഉണ്ടായ ആക്രമണത്തിനെതിരെ പ്രതികരിച്ചുകൊണ്ടുമാണ് അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രക്ഷോഭം ആരംഭിച്ചത്. സംഭവത്തിൽ 15 വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ ഇന്റർനെറ്റ് സൗകര്യം നിർത്തലാക്കുകയും സർവകലാശാല ജനുവരി അഞ്ച് വരെ അടച്ചിട്ടിരിക്കുകയുമാണ്.