ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല, വിദ്യാർത്ഥികളുടെയും പൊലീസിന്റെയും പോർക്കളമായി. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പ്രതിഷേധം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അക്രമങ്ങള്‍ അവസാനിപ്പിക്കുന്ന പക്ഷം ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി.
ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ പ്രതികരണം. പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പുറത്ത് വാഹനങ്ങള്‍ക്കു തീ വയ്ക്കുകയാണ്. അത് ആരാണ് ചെയ്യുന്നത് എന്നതിലല്ല കാര്യം. പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. അവകാശങ്ങളെക്കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാം. എന്നാല്‍ ഇത്തരമൊരു അന്തരീക്ഷത്തിലല്ല. ലഹള ഒടുങ്ങട്ടെ. ആദ്യം ഹര്‍ജി നല്‍കൂ, ലഹള അവസാനിക്കുമെങ്കില്‍ നാളെ പരിഗണിക്കാം-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധത്തിന് ആരും എതിരല്ല. തെരുവില്‍ ഇറങ്ങാന്‍ ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ ഇങ്ങനെയല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. ക്രൂരമായ മനുഷ്യാവകാശ ലംഘനാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായതെന്ന് അഭിഭാഷക ഇന്ദിര ജയ് സിംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നെന്ന് ഇന്ദിര ജയ്‌സിംഗ് ചൂണ്ടിക്കാട്ടി.