behra

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഏഴ് ദിവസം മുമ്പ് നോട്ടീസ് തന്നതിനു ശേഷം മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ അതിനെതിരായാണ് ചിലർ നാളത്തെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. നിയമം പാലിക്കപ്പെടേണ്ടതാണെന്നും കർശന നടപടി തന്നെ പൊലീസ് സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹർത്താലിനെ സംബന്ധിച്ച കാര്യങ്ങൾ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. പൊലീസിന് നിയമപരമായി ആക്ഷൻ എടുത്തേ പറ്റൂ. ഹർത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പലകാര്യങ്ങളും പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഏഴ് ദിവസം നോട്ടീസ് തന്നതിനും ശേഷം മാത്രമേ ഹർത്താൽ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി നിഷ്‌കർഷിച്ചിട്ടുള്ളതാണ്.. അതിനെതിരായിട്ട് ആർക്കും കോടതിയിൽ പോകാം'. അക്കാര്യത്തിൽ കോടതി തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ബെഹ്‌റ വ്യക്തമാക്കി.

പൗരത്വഭദഗതി ബില്ലിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ, ബി.എസ്.പി, എസ്.ഐ.ഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹർത്താലിന് എതിരാണെന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്‌.