aiswarya

ബീഹാർ: വി.ഐ.പികളുടെ കുടുംബ വഴക്കുകൾ എന്നും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ബിഹാറിൽ നിന്ന് വരുന്നത്. മുൻമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയ്ക്കെതിരെ ഗാർഹിക പീഡന ആരോപണങ്ങളുമായി മകൻ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായ് രംഗത്തെത്തി. റാബ്രി ദേവി തന്നെ മർദിച്ചെന്നും, ബലമായി വീട്ടിൽ നിന്ന് വലിച്ച് പുറത്തിറക്കിയെന്ന് ഐശ്വര്യ ആരോപിക്കുന്നു.

aiswarya

മാസങ്ങൾക്ക് മുമ്പ് അമ്മായിയമ്മയ്ക്കെതിരെ ഇത്തരമൊരു ആരോപണവുമായി ഐശ്വര്യ റായി എത്തിയിരുന്നു. 'റാബ്രി ദേവി എന്റെ മുടിയിൽ പിടിച്ച് വലിക്കുകയും മർദിക്കുകയും ചെയ്തു,​ അവർ നിയോഗിച്ച അംഗരക്ഷകർ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി'-ഐശ്വര്യ പറഞ്ഞു.

സംഭവങ്ങൾ അറിഞ്ഞയുടൻ ഐശ്വര്യയുടെ പിതാവും എം.എൽ.എയുമായ ചന്ദ്രിക റായ് അവിടേക്ക് ഓടി എത്തിയിരുന്നു. റാബ്രി ദേവിക്കെതിരെ പൊലീസിൽ പരാതി നൽകുകയും ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്റെ പിതാവിനെ സംബന്ധിച്ച അശ്ലീല പോസ്റ്ററുകളെക്കുറിച്ച് അമ്മയിയമ്മയോട് ചോദിച്ചത് മൂലമാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് യുവതി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ലാലു പ്രസാദ് യാദവിന്റെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് ഡി.എസ്.പി പറഞ്ഞു. തേജ് പ്രതാപ് 2018 നവംബറിൽ ഭാര്യയിൽ നിന്ന് വിവാഹമോചനം ഫയൽ ചെയ്തിരുന്നു. ഇതിൽ നടപടികൾ പുരോഗമിക്കുമ്പോഴാണ് വീണ്ടും ആരോപണങ്ങളുമായി ഐശ്വര്യ എത്തിയിരിക്കുന്നത്.