മലയാളികൾക്കും ഗൾഫുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ് മുസലിയാം വീട്ടിൽ അബ്ദുൾ ഖാദർ യൂസഫലി. അഥവാ എം.എ യൂസഫലി. പ്രവാസി മലയാളികളുടെ അംബാസഡർ എന്നറിയപ്പെടുന്ന വ്യവസായ പ്രമുഖൻ. എന്നാൽ, ഇന്നീ കാണുന്ന നിലയിൽ യൂസഫലി എത്തിയത് നിരവധി പ്രയാസമേറിയ കടമ്പകൾ കടന്നാണ്. ഗൾഫ് യുദ്ധം ആശങ്കയുടെ പുകപടലമുയർത്തിയിരുന്ന സമയത്ത് പലായനവും ഭൂരിപക്ഷം മലയാളികൾക്കും വേദനയും കഷ്ടപ്പാടുമാണ് സമ്മാനിച്ചത്.
എന്നാൽ, ആ കാലത്തും മണലാരണ്യത്തെ വിശ്വസിച്ച്, മരുപ്പച്ച സ്വപ്നം കണ്ട് യൂസഫലി വിജയവഴിയിലെത്തി. യുദ്ധമുഖത്തു നിന്നും പതറാതെ പോരാടി. അന്ന് യൂസഫലി ഭയപ്പെട്ടതുപോലെയൊന്നും സംഭവിച്ചില്ല, വിനയെക്കാൾ യുദ്ധം യൂസഫലിക്കുമേൽ ചൊരിഞ്ഞത് അനുഗ്രഹങ്ങളായിരുന്നു. ശതകോടീശ്വരൻമാരായ നാനൂറിൽ ഒരാൾ. മലയാളിയായ ഏറ്റവും വലിയ സമ്പന്നൻ.
ഇന്ത്യയിലും ഗൾഫിലും ഉൾപ്പെടെ 28 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലുലു ഗ്രൂപ്പിന്റെ അധിപൻ. ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിലെന്നും അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ടെന്നും യൂസഫലി പറയുന്നു. കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്‌ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്.
അത്യാധുനിക സൂപ്പർമാർക്കറ്റുകളെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ സൂപ്പർമാർക്കറ്റും ഡിപ്പാർട്ടുമെന്റ് സ്റ്റോറും തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽെവച്ച് ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവം ഒരുക്കുകയായിരുന്നു യൂസഫലിയുടെ ലക്ഷ്യം.
എന്നാൽ, അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സകലരും ഉള്ളതുംകൊണ്ട് നാടുവിടുന്ന സമയത്ത് തന്നെ വളർത്തിയ നാടുവിട്ട് പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്ന് ഉറപ്പിച്ചു. ‘ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്’ എന്ന തലക്കെട്ടോടുകൂടിയ പരസ്യം നൽകിക്കൊണ്ട് ‘ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറി’ന് തുടക്കമിട്ടു.’’
യു.എ.ഇ ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അവരുടെ കൊട്ടാരത്തിലേക്ക് യൂസഫലിയെ വിളിപ്പിച്ചിരുന്നു. ‘എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യംവന്നു?’ എന്നായിരുന്നു ശൈഖിന്റെ ചോദ്യം. ‘അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളംകാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്’ -ആ വാക്കുകൾ കേട്ട് ശൈഖ് എന്നെ ആശ്ലേഷിച്ചു. പിന്നീട് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുമൊക്കെയായി.’-യൂസഫലി പറഞ്ഞു.