ഭൗതികമായ സുഖങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ജീവിതത്തിലെ മൂല്യങ്ങൾ പോലും നിരാകരിക്കുന്ന മനുഷ്യർക്കുള്ള കണ്ണാടിയാണ് മനു മുരളിയുടെ സീറോഹോം എന്ന നോവൽ. പണം, പദവി തുടങ്ങിയ പ്രത്യക്ഷ താത്‌പര്യങ്ങൾക്കായുള്ള അലച്ചിൽ ശരിക്കും ജീവിതത്തിൽ അർത്ഥവത്താണോയെന്ന ചോദ്യമുയർത്തുന്നതിൽ നോവവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ജീവിതമെന്താണ് എന്ന് ശരിക്കും മനസിലാക്കുന്നവർക്കാണ് ഒടുവിൽ സന്തോഷവും സംതൃപ്തിയും വന്നു ചേരുക എന്ന് ലളിതവും മനോഹരവുമായ ആഖ്യാനത്തിലൂടെ 'സീറോഹോം' പറയുന്നു.
നോവലിലെ നായകൻ സാവി എന്ന വ്യവസായിയാണ്. ബിസിനസ്സിലൂടെ സമ്പത്ത് ഒരുപാടുണ്ടാക്കിയ നായകൻ കഥയുടെ തുടക്കത്തിൽ സാമ്പത്തികമായി ഞെരുക്കത്തിലാണ്. എങ്ങനെയും കാശുണ്ടാക്കുക കെട്ടുറപ്പുള്ള ബിസിനസ് നടത്തുക-ഇതൊക്കെയാണ് സാവിയുടെ സ്വപ്നം. കാശിന് ഞെരുക്കം വന്നതു മൂലം ഒരു സ്ഥലം വിറ്റ് അത് വഴി പെട്ടെന്ന് കാശുണ്ടാക്കാനാണ് അയാളുടെ ശ്രമം. എന്നാൽ വാണിജ്യമായി വലിയ വില കിട്ടാൻ ഇടയില്ലാത്ത ഒരിടമാണ് അയാൾ വിൽക്കാൻ ശ്രമിക്കുന്നത്. സാവിയുടെ ബിസിനസ് ബുദ്ധിയിൽ കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ഒരു റിസോർട്ട് ആണ് ചേരുക എന്ന് തോന്നുന്നു. ഈ പദ്ധതിയുടെ ഭംഗി കുറയ്ക്കുന്ന ഒരു നിർമ്മാണം സാവിയുടെ സ്ഥലത്ത് തന്നെയുണ്ടായിരുന്നു.
സ്വന്തം സ്ഥലമായതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് തോന്നുന്നുമെങ്കിലും യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് വൈകാരികമായി അടുപ്പമുള്ള ഒരിടത്താണ് സാവി കൈവയ്ക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ തന്നെ ജീവിതത്തെ തന്നെ മാറ്റിയേക്കാവുന്ന ഒരു ആത്മീയ യാത്രയിലേക്ക് ഇത് നയിക്കുമെന്ന് അയാൾ അപ്പോൾ അറിയുന്നുണ്ടായിരുന്നില്ല.
ഭൗതികത്തിൽ നിന്ന് ആത്മീയതയിലേക്കുള്ള സാവിയുടെ യാത്ര പടിപടിയായാണ്. ആദ്യമൊക്കെ ഏതൊരു സാധാരണ മനുഷ്യനെയും പോലെ ചിന്തിച്ചിരുന്ന സാവി എന്നാൽ ജീവിതമെന്താണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയിൽ ഒരുപാട് മാറുന്നു. ശക്തവും ആഴവുമുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കഥയിലെ സീറോഹോം എന്ന സ്ഥലത്തേക്കുള്ള യാത്ര തുടങ്ങുന്നത് ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിട്ടാണ്. അവസാനിക്കുമ്പോൾ കഥ ലക്ഷ്യത്തെക്കുറിച്ചല്ല മറിച്ച് ആ സഞ്ചാരത്തെക്കുറിച്ചാണ് എന്ന് മനസിലാകും. ആത്യന്തികമായി 'സീറോഹോം' ഒരു റോഡ് നോവലാണ്, യാത്ര ജീവിതത്തിന്റെ ഭൗതിക തലത്തിൽ നിന്നും ആത്മീയ തലത്തിലേക്ക്.
ജീവിതം എന്നതിന് പല തരം വ്യാഖ്യാനത്തിലേക്ക് കഥാനായകൻ എത്തുന്നുണ്ട്. സംഭാഷണങ്ങളിലൂടെ സാവിയുടെ കൂടെ വായനക്കാരനെയും ജീവിതത്തെ ജനനത്തിനും മരണത്തിനും അതിനിടയിലെ ഘടങ്ങൾക്കുമപ്പുറം കൊണ്ടു പോകാൻ മനു മുരളിയുടെ ആഖ്യാനത്തിന് കഴിയുന്നുണ്ട്.
ഇംഗ്ളീഷിൽ രചിച്ചിരിക്കുന്ന സീറോഹോമിൽ ലളിതമായ അവതരണവും ഭാഷയുമാണ്. ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള യാത്ര ഉദ്വേഗം നിറഞ്ഞതാണ്. എത്ര കിട്ടിയാലും മതിവരാത്ത മനുഷ്യനെ ഹൃദ്യമായ ഈ ചെറുയാത്രയിലേക്ക് ക്ഷണിക്കുകയാണ് സീറോഹോം.