padmakumar

മാമാങ്കത്തിനെതിരെയുള്ള പ്രചാരണങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത്. മാമാങ്കത്തിനെതിരെ പ്രവർത്തിക്കുന്നത് മോഹൻലാൽ ഫാൻസ് ആണെന്ന സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളെ കുറിച്ച് സംവിധായകൻ എം. പദ്‌മകുമാർ, നടൻ മണിക്കുട്ടൻ എന്നിവർ അടക്കമുള്ളവരാണ് മറുപടി നൽകിയത്.

'സ്ഥിരമായിട്ട് മമ്മൂട്ടി സിനിമ, മോഹൻലാൽ സിനിമ നടക്കുമ്പോൾ ചെയ്യുന്ന കാര്യമായിട്ടാണ് ഇതിനെ കണ്ടിരുന്നത്. ഒടിയൻ എന്ന സിനിമയ്‌ക്ക് ഡീ ഗ്രേഡിംഗ് ഉണ്ടായി. അതിനു ശേഷം മാമാങ്കത്തിനായി കാത്തിരിക്കുകയായിരുന്നു എന്നു പറയുന്ന വോയിസ്‌ ക്ളിപ്പ് ഞങ്ങൾക്ക് കിട്ടി. പക്ഷേ അതിനു ശേഷം മമ്മൂക്കയുടെ ഒരു പാട് ചിത്രങ്ങൾ റിലീസിന് എത്തി. അതിലൊന്നും ഈ പറയുന്ന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. മാമാങ്കത്തിന് മാത്രമായിരുന്നു പ്രശ്‌നങ്ങളെല്ലാം. മോഹൻലാൽ ഫാൻസുകാരാണ് അത് ചെയ്‌തതെന്ന് ഞങ്ങൾ ഒരിക്കലും പറയുന്നുമില്ല, വിശ്വസിക്കുന്നുമില്ല. കാര്യം ഇതൊരു മമ്മൂട്ടി സിനിമയല്ല. ചിത്രത്തിന്റെ പ്രൊഡ്യൂസറായ വേണു കുന്നപ്പിള്ളി എന്നു പറയുന്നയാൾക്ക് മോഹൻലാലുമായോ മമ്മൂട്ടിയുമായോ വ്യക്തിപരമായി ബന്ധങ്ങളൊന്നുമില്ല. അതുപോലെ തന്നെ ഞാൻ ലാലേട്ടനെ വച്ചും മമ്മൂക്കയെ വച്ചും സിനിമ ചെയ്യുന്നയാളാണ്. സമൂഹത്തിലെ ചില കുബുദ്ധികൾ അവരുടെ വഴിക്കു ചെയ്യുന്ന കാര്യമായിട്ടെ ഇതിനെ കാണുന്നുള്ളു'- പദ്‌മകുമാർ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ളബിൽ നടന്ന പ്രസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാമാങ്കം ടീം.