വന്യസൗന്ദര്യത്തിന്റെ റാണിയാണ് മസിനഗുഡി. തേയില പ്ളാന്റേഷനുകൾ, കൃഷി സ്ഥലങ്ങൾ, കോടമഞ്ഞിന്റെ തണുപ്പ്, എല്ലാത്തിനും അതിരുതീർക്കുന്ന കാടും വന്യജീവി സങ്കേതവും. വെറും 35 കിലോമീറ്ററാണ് മസിനഗുഡിയിൽ നിന്നും ഊട്ടിയിലേക്കുള്ള ദൂരം. ഗൂഡല്ലൂരിൽ നിന്ന് മുതുമല ദേശീയ ഉദ്യാനത്തിലൂടെയുള്ള യാത്ര തന്നെ മനോഹരങ്ങളായ കാഴ്ചകളാൽ സമ്പന്നമാണ്. ഗൂഡല്ലൂരിൽ നിന്ന് 25 കിലോമീറ്ററാണ് മസിനഗുഡിയിലേക്ക്.ഇന്ത്യൻ ആനകളുടെയും കടുവകളുടെയും സംരക്ഷണ കേന്ദ്രമാണ് മുതുമല ദേശീയ ഉദ്യാനം. മാൻകൂട്ടങ്ങളും കാട്ടാനക്കൂട്ടങ്ങളും മയിലുകളുമെല്ലാം ഈ യാത്രയിൽ നിങ്ങളുടെ മുന്നിലേക്ക് എത്തിയേക്കാം. ഇതെല്ലാം പിന്നിട്ടാണ് മസിനഗുഡി എന്ന ചെറുപട്ടണത്തിലെത്തുക. വിനോദസഞ്ചാര മേഖല സജീവാണ്.
റിസോട്ടുകളും ഹോട്ടലുകളുമുണ്ട്. പിന്നെ മാരിയമ്മൻ ക്ഷേത്രം, കുറച്ച് കടകൾ, പൊലീസ് സ്റ്റേഷൻ. സഫാരി സംഘങ്ങളുടെ വലിയ നിര തന്നെയുണ്ട്. മനോഹരമാണ് ഇവിടുത്തെ കൃഷിയിടങ്ങൾ. കടകൾക്കും വീടുകൾക്കും തൊട്ടുപിന്നിൽ കൃഷിസ്ഥലങ്ങൾ കാണാം. താഴേക്കിറങ്ങി വരുന്ന മേഘക്കൂട്ടങ്ങൾ. കാടിന്റെയും മലഞ്ചരിവിന്റെ പശ്ചാത്തലത്തിലെ മസിനഗുഡി ഒരു അഭൗമ സുന്ദരിയാണ്. പട്ടണത്തിൽ നിന്ന് നേരെ പോയാൽ ഊട്ടി, ഇടത്തേക്ക് പോയാൽ മോയർ ഡാം, വലത്തേക്കുള്ള വഴിയിൽ താഴേക്ക് പോയാൽ സിങ്കാരപ്പുഴ.
പത്തുകിലോമീറ്റർ ദൂരമാണ് മോയാർ ഡാമിലേക്ക്. തടാകത്തിലെ വെള്ളത്തിന് കണ്ണാടിത്തിളക്കം. അങ്ങിങ്ങായി ചെറിയ തുരുത്തുകൾ. മാനുകളും ആനകളും പുലിയുമെല്ലാം വെള്ളം കുടിക്കാൻ ഇവിടെ വരാറുണ്ടത്രെ. വൈകുന്നേരമാകുന്നതോടെ സഫാരി സംഘങ്ങൾ കൂടുതൽ സജീവമാകും. താത്പര്യമുള്ളവർക്ക് മനോഹരമായ ഡ്രൈവിംഗ് അനുഭവവും മസിനഗുഡി സമ്മാനിക്കും.
ഗൂഡല്ലൂരിൽ നിന്ന് മുതുമല ദേശീയ ഉദ്യാനത്തിലൂടെയാണ് മസിനഗുഡിയിൽ എത്തിച്ചേരുക. അവിടെ നിന്ന് ഊട്ടിയിൽ പോകേണ്ടവർക്ക് മൈസൂർ ഊട്ടി റൂട്ടിൽ ഹെയർപിൻ വളവുകൾ പിന്നിട്ട് മുതുമലയിൽ എത്താം.