തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാനത്ത് ഹർത്താൽ നടത്താൻ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ കേരളത്തിലെ പ്രമുഖ മുസ്ലീം നേതാക്കൾ ഹർത്താലിൽ വിയോജിപ്പ് അറിയിച്ചിരിക്കുകയാണ്.
ബി.ജെ.പിക്ക് വടി കൊടുക്കാനില്ലെന്നും, ആവശ്യമുള്ള സമയത്ത് യോജിച്ച് ഹർത്താൽ നടത്തുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചൊവ്വാഴ്ചത്തെ ഹർത്താലിനോട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും വിയോജിപ്പറിയിച്ചു. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി,സുന്നി,മുജാഹിദ് വിഭാഗങ്ങൾ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, ഹർത്താലുമായി മുന്നോട്ട് പോകുമെന്ന് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും അറിയിച്ചിട്ടുണ്ട്.
07.01.2019 തീയ്യതിയിലെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ 17.12.2019 രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് മണിവരെ നടത്താനിരിക്കുന്ന ഹർത്താൽ നിയമ വിരുദ്ധമാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
17.12.2019 രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട.് ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നോട്ടീസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണ്. മേല്‍ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്‍റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഇത് കൂടാതെ 17.12.2019 തീയതിയില്‍ സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേല്‍ സൂചിപ്പിച്ച ഹര്‍ത്താല്‍ പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുന്നതാണ്.