ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി മോദി എത്തിയിരിക്കുന്നത്.
'പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ ആക്രമാസക്തമാകുന്നത് വളരെ നിർഭാഗ്യകരമാണ്. ചർച്ചകളും, എതിർപ്പും സംവാദങ്ങളുമൊക്കെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. എന്നാൽ ആക്രമണവും ജനജീവിതം തടസപ്പെടുത്തലും ഇന്ത്യൻ മൂല്യങ്ങൾക്കെതിരാണ്. പൗരത്വഭേദഗതി ബിൽ 2019 ലെ പാർലമെന്റിന്റെ ഇരുസഭകളും മികച്ച ഭൂരിപക്ഷത്തോടെ പാസാക്കിയതാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും എം.പിമാരും ഇത് അംഗീകരിച്ചു. ഈ നിയമം ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ സ്വീകാര്യത, ഐക്യം, അനുകമ്പ, സാഹോദര്യം എന്നിവയുടെ സംസ്കാരത്തെ വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമം ഒരു മതത്തിനും, ഇന്ത്യൻ പൗരന്മാർക്കും എതിരല്ല. ഈ നിയമത്തെക്കുറിച്ച് ഇന്ത്യൻ ജനത ഭയപ്പെടേണ്ട ആവശ്യമില്ല. ഇന്ത്യയ്ക്ക് പുറത്ത് മതപീഡനം അനുഭവിക്കേണ്ടി വന്ന, ഇന്ത്യയിലല്ലാതെ വേറെ എവിടെയും പോകാനില്ലാത്തവർക്കുള്ളതാണ് ഈ നിയമം. ജനങ്ങൾക്കിടയിൽ പിളർപ്പുണ്ടാക്കാൻ സ്ഥാപിത താൽപര്യക്കാരെ അനുവദിക്കില്ല' പ്രധാനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.