ന്യൂഡൽഹി: ഉന്നാവ് മാനഭംഗ കേസിൽ ഉത്തർപ്രദേശ് ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗർ കുറ്റക്കാരനെന്ന് കോടതി. പെൺകുട്ടി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുൽദീപിനെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. വാഹനാപകടത്തിനു പിന്നിൽ കുൽദീപ് സിംഗ് സെൻഗർ ആണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നത്. പെൺകുട്ടിയെ മാനഭംഗം ചെയ്‌തവരുടെ കൂട്ടത്തിൽ സെൻഗറും ഉണ്ടായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. ഈ മാസം 18ന് ശിക്ഷ വിധിക്കുമെന്നാണ് കോടതിയിൽ നിന്ന് ലഭിക്കുന്ന വിവരം. ഡൽഹി തിസ് ഹസാരി കോടതിയാണ് സെൻഗർ കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്.
2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു ജോലി ആവശ്യപ്പെട്ട് കുൽദീപിനെ സമീപിച്ച 17കാരിയെയാണ് നാല് തവണ എം.എൽ.എ ആയിട്ടുള്ള ഇയാൾ മാനഭംഗം ചെയ്‌തത്. പരാതിയുമായി പൊലീസിനെ സമീപിച്ച പെൺകുട്ടിയ്‌ക്കും കുടുംബത്തിനും അവഗണനയും പീഡനങ്ങളും മാത്രമാണ് നേരിടേണ്ടിവന്നത്. പെൺകുട്ടിയുടെ അച്ഛനെ സെൻഗറിന്റെ ആളുകൾ ക്രൂരമായി മർദിച്ച് കള്ളക്കേസിൽ കുടുക്കി. എല്ലാ വഴികളും അടഞ്ഞതോടെ പെൺകുട്ടി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്ന് കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്.
ഒടുവിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസ്, കോടതി യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.