marijuana

കൊച്ചി: നിരന്തരമായുള്ള കഞ്ചാവ് വേട്ടയും അതിന്റെ വ്യാപകമായ ഉപയോഗവും ഏറ്റവും കൂടുതലുതലായി കാണുന്നത് എറണാകുളം ജില്ലയിലെന്ന് റിപ്പോർട്ട്. ടൈംസ് ഒഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് 60 ശതമാനം കേസുകളാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിലുള്ള റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നർകോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് അനുസരിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ കൈയിലുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച്, 2019ലാണ്(നവംബർ 30 വരെയുള്ള കണക്കനുസരിച്ച്) ആർ.പി.എഫ് ഏറ്റവും കൂടുതൽ കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ 2018ലും 2017ലും രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തേക്കാൾ കുറവാണ് 2019ൽ രജിസ്റ്റർ ചെയ്ത കേസുകൾ എന്നും ആർ.പി.എഫ് പറയുന്നുണ്ട്. ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നവരിൽ ഓരോ ആളും അത് കൂടിയ അളവിൽ കൊണ്ടുവരുന്നതിനാലാണ് ഇതെന്നും ഒരു ആർ.പി.എഫ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിച്ചു.

ട്രെയിൻ മാർഗം കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്ന്, നർക്കോട്ടിക്, പുകയില ഉത്പന്നങ്ങൾ കൂടുതലായി എറണാകുളത്തേക്ക് എത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പ്രധാനമായും അസം, ആന്ധ്രാ പ്രദേശ്, മധുരൈ, വഴി ഓടുന്ന ട്രെയിനുകളിലൂടെയാണ് മയക്കുമരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട ആൾക്കാർ കഞ്ചാവ് എത്തിക്കുന്നത്. ഇങ്ങനെ ട്രെയിനുകളിൽ കയറ്റിയ കഞ്ചാവ് ആലുവ, എറണാകുളം ടൗൺ, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഇറക്കുക. എറണാകുളത്തെ കൂടാതെ തൃശൂരിലും ഇത്തരത്തിലുള്ള നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറയുന്നു.