പൗരത്വ നിയമ ഭേദഗതിക്കെതിരെ വൻ പ്രതിഷേധങ്ങളാണ് രാജ്യത്തുയരുന്നത്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം ചർച്ചകളും നടക്കുന്നുണ്ട്. ചലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണമായെത്തിയത്. ഇപ്പോൾ നടി അമലാപോളും വിഷയത്തിൽ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ ആക്രമത്തെ പരാമര്‍ശിച്ചായിരുന്നു അമലാ പോളിന്റെ സ്റ്റാറ്റസ്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ ഒരു വിദ്യാര്‍ത്ഥിനി പൊലീസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം സോഷ്യൽമീഡിയകളിൽ പ്രചരിച്ചിരുന്നു. ആ ചിത്രത്തിന്റെ സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കിയാണ് അമലാ പോള്‍ പ്രതികരണമറിയിച്ചിരിക്കുന്നത്.
നേരത്തെ പാർവതി, ആഷിഖ് അബു, തൻവി റാം, അനാർക്കലി, രജിഷ വിജയൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. മുൻപ് പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന സമയത്തും പാർവതി പ്രതികരിച്ചിരുന്നു. “ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു. നമ്മൾ ഇതൊരിക്കലും സംഭവിക്കാൻ അനുവദിക്കരുത്,” എന്ന് പാർവതി ട്വിറ്ററിൽ കുറിച്ചിരുന്നു.