കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം കേരളം അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും, ഭരണഘടനയുടെ ലംഘനവുമാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ഒരു പ്രസക്തിയും ഇല്ലാത്ത വിഷയത്തിന്റെ പേരിൽ സി.പി.എമ്മും കോൺഗ്രസ്സും ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങളെ തെറ്റിധരിപ്പിച്ച് രാഷ്രീയ നേട്ടത്തിനുള്ള വിലകുറഞ്ഞ നയം മാത്രമാണ് പ്രതിപക്ഷവും ഭരണ പക്ഷവും നടത്തുന്നത്. ഭരണവും സമരവും ഒന്നിച്ച് കൊണ്ടുപോവാൻ സാധിക്കില്ലെന്നും, സമരം നടത്തണമെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് പ്രതിഷേധത്തിന് നേതൃത്വം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക സമുദയത്തെ ലക്ഷ്യം വച്ചാണ് നാളത്തെ ഹർത്താൽ നടത്തുന്നത്. വ്യാജപ്രചരണങ്ങളിലൂടെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് സംസ്ഥാനത്ത് കലാപത്തിനുള്ള ശ്രമം നടത്തുകയാണ്. 1921 ഞങ്ങൾ മറന്നിട്ടില്ല എന്ന മുദ്രാവാക്യം മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. വർഗീയമായ മുദ്രാവാക്യം വിളിക്കുന്നവർക്കും, മതസ്പർദ്ധ വളർത്തുന്നവർക്കുമെതിരെ പൊലീസ് കേസെടുക്കാത്തത് സർക്കാർ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നതുകൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ഉപകരണമായി പ്രവർത്തിക്കുന്നത് നുഴഞ്ഞു കയറ്റക്കാരാണ്, അതിനാൽ ഇത്തരക്കാർക്ക് പൗരത്വം കൊടുക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സുരക്ഷ പ്രതിപക്ഷത്തിന്റെ പ്രകടനങ്ങളെക്കാൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.