അറിവിന്റെ തീർത്ഥാടനമായ ശിവഗിരി തീർത്ഥാടനത്തിന്റെ നാളുകൾക്ക് വീണ്ടും തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ലോക സമാധാനത്തിന്റെ സന്ദേശമാണ് ശിവഗിരി കുന്നിൽ എപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസാഹോദര്യത്തിന്റെ മഹായജ്ഞമാണ് ശിവഗിരി കുന്നുകളെ വ്യത്യസ്തമാക്കുന്നത്. മനുഷ്യൻ മഹാജ്ഞാനത്തിന്റെ കൊടുമുടി കയറുമ്പോഴും അവൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ഞാനാരാണ്, എന്റെ നിയോഗമെന്താണ് എന്നാണ്. യോഗീശ്വരന്മാരായിട്ടുള്ള ബുദ്ധനും ശങ്കരനും മുഹമ്മദ് നബിയും യേശുദേവനും ഒക്കെ അന്വേഷിച്ചതും അതുതന്നെയായിരുന്നു. മാനവരാശിയുടെ നന്മയുടെ, സമാധാനത്തിന്റെ വഴികൾക്കു വേണ്ടിയുള്ള അന്വേഷണം. ആ അന്വേഷണത്തിന്റെ വെളിച്ചമാണ് ഈ മഹാത്മാക്കളെ പ്രവാചകന്മാരും പൂജനീയരുമായി മാറ്റിയത്. അവരുടെ കണ്ടെത്തലുകളാണ് മഹാസന്ദേശങ്ങളായി പിന്നീട് മാറിയതും, അഭിപ്രായങ്ങളായും മതങ്ങളായും മാറിയത്. ഇന്ന് ലോകം സഞ്ചരിക്കുന്നത് ഈ മഹാ മന്ത്രങ്ങളുടെയെല്ലാം സ്വാധീനത്തിലുമാണ്. അതിന്റെ സ്മരണാർത്ഥം തീർത്ഥാടനങ്ങളും അനുഷ്ഠാനങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ യാതൊരു അനുഷ്ഠാനങ്ങൾക്കും നിർബന്ധം പിടിക്കാതെയും, ജാതിയുടെയും മതത്തിന്റെയും, ഭാഷയുടേയും വേഷത്തിന്റെയും വേലിക്കെട്ടുകൾ ഇല്ലാതെയും കറുത്തവനും വെളുത്തവനും സ്ത്രീയും പുരുഷനും മാലയിടാതെയും മന്ത്രങ്ങൾ ഇല്ലാതെയും അനുഷ്ഠിക്കാവുന്നതാണ് ശിവഗിരി തീർത്ഥാടനം. അറിവ് പ്രസാദമായി ലഭിക്കുന്ന ഏക തീർത്ഥാടനകേന്ദ്രമാണ് പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ മഹാസമാധി കുടികൊള്ളുന്ന ശിവഗിരി. മനുഷ്യൻ ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഓരോ പ്രശ്നത്തിനും പരിഹാരം കാണാനുള്ള വേദാന്തത്തിനായിരുന്നു ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു തുടക്കം കുറിച്ചത്. ഭൂതകാലത്തിലെ അനുഭവത്തിലൂടെ വർത്തമാനകാലത്തിന്റെ സാദ്ധ്യതകളെ ഉൾക്കൊണ്ട് ഭാവിജീവിതത്തിന്റെ സുസ്ഥിര വികസനവും കരുതലും സുരക്ഷയും നൽകുന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. ശിവഗിരി തീർത്ഥാടനത്തിന്റെ ഈ സൗന്ദര്യവും സൗരഭ്യവുമാണ് ലോകത്തിന്റെ വിവിധദേശങ്ങളിലേക്ക് ഇന്ന് പകർന്ന് നൽകിക്കൊണ്ടിരിക്കുന്നത്. ലോകസമാധാനത്തിന്റെയും വിശ്വ സാഹോദര്യത്തിന്റേയും ഈ സന്ദേശങ്ങൾ മാനവരാശിക്ക് പകർന്നു നൽകാനുള്ള ദൗത്യപൂർത്തീകരണത്തിനായിട്ടാണ് എസ്. എൻ.ഡി.പി.യോഗമെന്ന മഹാപ്രസ്ഥാനത്തിന് ഗുരു ജന്മം നൽകിയത്. ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസന്ദേശം ഓരോ ഭവനങ്ങളിലും എത്തിക്കുന്നതിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഒരു സാധാരണ എസ്.എൻ.ഡി.പി യോഗ പ്രവർത്തകൻ മുതൽ യോഗനേതാക്കൾ വരെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
'' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം'' എന്ന ഗുരുവചനം ഇന്ത്യൻ പാർലമെന്റിൽ മുഴങ്ങിയപ്പോൾ ലോകത്തുള്ള മലയാളികൾക്ക് അതൊരു ആവേശമായി . അതിന്റെ പിൻതുടർച്ചയായി സംസ്ഥാന സർക്കാർ ശിവഗിരി തീർത്ഥാടനത്തെ പഠിക്കാനും അതിലെ പഠന വിഷയങ്ങൾ സമൂഹത്തിന് പകർന്നു നൽകുന്നതിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക വിദ്യ ഇവയെക്കുറിച്ചുള്ള ചിന്തകളും ചർച്ചകളും പഠനങ്ങളുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ജ്ഞാനയജ്ഞം. അത് ഓരോരുത്തരുടെയും കർമ്മകാണ്ഡങ്ങളിലൂടെ പ്രായോഗികതലത്തിലെത്തുമ്പോൾ ഗുരുവിന്റെ ജ്ഞാനകർമ്മസമന്വയ സിദ്ധാന്തം പ്രായോഗിക തലത്തിൽ എത്തിച്ചേരും.
വിദ്യാഭ്യാസത്തിലൂടെ അറിവും, ഈശ്വരഭക്തിയിലൂടെ ആത്മീയ അടിത്തറയും അതുവഴി ആത്മവിശ്വാസവും വിജയവും ആർജ്ജിക്കാൻ കഴിയും. ശാസ്ത്രീയ കൃഷിയിലൂടെ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും അതുവഴി ഋതുഭേദങ്ങൾ ഗതിമാറുന്നതിന് നിയന്ത്രണം വരുത്താനും കഴിയും. ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ ആരോഗ്യമുള്ള മനസ് രൂപപ്പെടുത്താൻ കഴിയൂ. അതിന് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും, പൊതുശുചിത്വവും ഓരോ പൗരന്റെയും കടമയും കർത്തവ്യവുമാണെന്ന അതിജീവനമന്ത്രം പകരാൻ കഴിയണം. കച്ചവടത്തിലൂടെ സാമ്പത്തിക വളർച്ചയ്ക്കുള്ള മാർഗവും അതുവഴി ക്രയശേഷി വർദ്ധിപ്പിച്ച് നാടിന്റെ സമ്പദ് ഘടനയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വിവര സാങ്കേതിക വിദ്യയെക്കുറിച്ച് മനുഷ്യൻ ചിന്തിക്കാതിരുന്ന കാലഘട്ടത്തിലാണ് ഗുരു തീർത്ഥാടന വിഷയത്തിൽ അതീവ പ്രാധാന്യത്തോടെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അനധിവിദൂര സാദ്ധ്യതകളുടെ ലോകം തുറന്നത്. കാലയവനികയിൽ മറഞ്ഞുകൊണ്ടിരിക്കുന്ന കൈത്തൊഴിലിന്റെ സൗരഭ്യം മായാതെ, മറയാതെ കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല. ഗുരു പറഞ്ഞതിന്റെ പ്രാധാന്യം മനസിലാക്കാൻ നാം താമസിച്ചപ്പോൾ സാധാരണ മനുഷ്യന്റെ ജീവിത തിരക്കഥ തന്നെ അട്ടിമറിക്കപ്പെടുകയായിരുന്നു.
ഓരോ വ്യക്തിയുടെയും നിലനിൽപ്പിനും സമഗ്ര വികസനത്തിനുമുള്ള ആശയമാണ് ശിവഗിരി തീർത്ഥാടനത്തിലെ സൗന്ദര്യാത്മകമായ ഭൗതികത. അവിടെ ജാതിയും മതവും ഇല്ല . രാഷ്ട്രീയമില്ല ഭേദചിന്തകൾ ഒന്നുമില്ല. ഇന്ന് നാം നേരിടുന്ന വെല്ലുവിളികൾ എല്ലാം തന്നെ അതിജീവിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള മഹാമന്ത്രമാണ് ശിവഗിരി തീർത്ഥാടന സന്ദേശങ്ങൾ. പിച്ചിച്ചീന്തപ്പെടുന്ന ബാല്യവും യൗവനവും അതിന്റെ കാര്യകാരണവും തരംതിരിച്ച് ഇല്ലായ്മ ചെയ്യാൻ ഗുരുവിന്റെ സമത്വ സുന്ദര സന്ദേശങ്ങൾക്ക് കഴിയും. അസഹിഷ്ണുതയും അസന്തുലിതാവസ്ഥയും വിഭാഗീയതയും അധീശതവും എല്ലാം നശീകരണത്തിന് കാരണമാകും. ആധുനികതയുടെ കടന്നുകയറ്റം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ദുഷ്പ്രവണതകൾ സൃഷ്ടിക്കുന്നു. ഇതിനെതിരെയുള്ള ശക്തമായ ആയുധം അടിച്ചേൽപ്പിക്കുന്ന, സ്വാധീനവലയത്തിൽ അകപ്പെട്ടിരിക്കുന്ന നിയമങ്ങൾക്കാവില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആർക്കും ആകുലതകൾ ഉണ്ടാവില്ലായിരുന്നു. മറിച്ചാണ് സംഭവിച്ചത്. അതിനുള്ള പരിഹാരം ഗുരുദർശനത്തിന്റെ ആശയ പ്രചരണവും അതിനുള്ള പ്രായോഗിക തീരുമാനങ്ങളുമാണ്. ഭഗവാൻ ശ്രീനാരായണഗുരുദേവൻ ഇവിടെ അവതാരമെടുത്തില്ലായിരുന്നു എങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേൾക്കുന്ന അതിദാരുണവും പൈശാചികവുമായ വാർത്തകൾ നമുക്ക് ഇവിടെനിന്നും കേൾക്കേണ്ടി വരുമായിരുന്നു. ശിവഗിരി തീർത്ഥാടനത്തിനെത്തുന്ന ഭരണാധികാരികൾ അതീവ പ്രാധാന്യത്തോടെ ഈ വിഷയം പഠിച്ച് തീരുമാനങ്ങളെടുക്കുമെന്ന് നമുക്ക് ആശിക്കാം. ....... പ്രാർത്ഥിക്കാം...