payal

കോട്ട (രാജസ്ഥാൻ): സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നെഹ്റു- ഇന്ദിര കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ നിർമ്മിച്ചു സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി പായൽ റോഹത്ഗിയെ ഡിസംബർ 24 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പായലിന്റെ ജാമ്യാപേക്ഷ ബുണ്ടി ജില്ലാ കോടതി തള്ളി. അപ്പീൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഞായറാഴ്ചയാണ് പായലിനെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടിൽനിന്ന് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചർമേഷ് ശർമയുടെ പരാതിയിൽ ഒക്ടോബർ 10നാണ് പായലിനെതിരെ ഐ.ടി നിയമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.

ഗൂഗിളിൽ പരതി കണ്ടുപിടിച്ച വിവരങ്ങളുപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചതെന്നും അഭിപ്രായസ്വാതന്ത്ര്യം ഫലിതം മാത്രമായി മാറിയെന്നും പായൽ തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു.

സെപ്തംബർ ആറിനും 21നുമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. തനിക്കെതിരെ നടപടിയെടുക്കാൻ നെഹ്റുഗാന്ധി കുടുംബം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനു മേൽ സമ്മർദം ചെലുത്തുകയാണെന്നും പായൽ ആരോപിച്ചു.

 ടിപ്പിക്കൽ സംഘികൾ ചെയ്യുന്ന അനാവശ്യവും അസത്യവുമായ കാര്യങ്ങളാണ് നടി ചെയ്തത്. പക്ഷേ, അറസ്റ്റ് ചെയ്തത് അനാവശ്യമാണ്. അഭിപ്രായസ്വാതന്ത്ര്യം മാനിച്ച്, മണ്ടത്തരങ്ങൾ പറയാൻ അവരെ അനുവദിക്കുകയാണ് വേണ്ടത്. അതിൽ പൊലീസ് ഇടപെടേണ്ട.

- ശശി തരൂർ എം.പി ട്വിറ്ററിൽ