കോഴിക്കോട്: പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിനെതിരുമായ സമരത്തിനാണ് നേതൃത്വം നൽകുന്നത്. ഭരണവും സമരവും ഒരുമിച്ച് നടത്തുന്നത് ശരിയല്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വേണം സമരത്തിന് നേതൃത്വം നൽകാൻ. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ ശക്തികളുടെ നിലപാടുകൾക്ക് ആക്കം കൂട്ടുന്ന രാഷ്ട്രീയനീക്കമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. കോൺഗ്രസും സി.പി.എമ്മും നേരത്തെ ആവശ്യപ്പെട്ടതാണ് ഇപ്പോൾ നിയമത്തിലൂടെ നടപ്പായിരിക്കുന്നത്. ഇതിൽ മതപരമായ വിവേചനമില്ല. രാജ്യത്തെ ഒരാൾക്ക് പോലും പൗരത്വം നഷ്ടപ്പെടില്ല. ഡൽഹിയിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതായി അർദ്ധരാത്രി വ്യാജപ്രചാരണം നടത്തിയവർക്കു നേരെ കേസെടുക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ല. മുഖ്യമന്ത്രിക്കൊപ്പം സമരത്തിനിറങ്ങിയ കോൺഗ്രസ് നേതൃത്വം യു.ഡി.എഫ് പിരിച്ചുവിട്ട് സി.പി.എമ്മിൽ ചേരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.