ss

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ താമസസ്ഥലത്തു കയറി ആക്രമിച്ച് മൊബൈൽഫോണും പണവും കവർന്ന യുവാവ് പിടിയിൽ. കരിമഠം കോളനിയിലെ ഹാജ (36) ആണ് അറസ്റ്റിലായത്. കിള്ളിപ്പാലം വിജയലക്ഷ്മി സിൽക്‌സിന്റെ എതിർവശത്തുള്ള ക്ലീൻ സിറ്റി എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്നാണ് മൊബൈൽ ഫോണും പണവും പിടിച്ചു വാങ്ങിയത്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. ഹാജയ്ക്കൊപ്പം ഉണ്ടായിരുന്ന കരിമഠം സ്വദേശി റാഫിയെ പൊലീസ് രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് ഹാജ. ഫോർട്ട് സ്‌റ്റേഷൻ പരിധിയിൽ ഇയൾ പ്രവേശിക്കുന്നത് ഗുണ്ടാനിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാണ് വീണ്ടും മോഷണം നടത്തിയത്. ഇതിന് പ്രത്യേക കേസ് എടുത്തിട്ടുണ്ട്. ഫോർട്ട് പൊലീസ് ഇന്റസ്‌പെക്ടർ എ.കെ. ഷെറി, സബ് ഇൻസ്‌പെക്ടർ സജു എബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ് രാജ്, ശ്രീകുമാർ, വിനോദ്, ഷിബു, ശരത്ത് എന്നിവർ ചേർന്നാണ് ഒളിവിലായിരുന്ന ഹാജയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.