ss

നെയ്യാറ്റിൻകര: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിന്റെ പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം. ഉദിയൻകുളങ്ങര അഴകിക്കോണം ലക്ഷ്മി സദനത്തിൽ പരേതനായ ഹരികുമാറിന്റെ ഭാര്യ ജലജകുമാരി (മഞ്ചു, 38 ) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1 മണിയ്ക്ക് പാറശാല താലൂങ്ക് ഹെഡ് ക്വോട്ടേഴ്സ് ആശുപത്രിയ്ക്ക് മുമ്പിലാണ് സംഭവം.നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ബസിൽ അതെ ദിശയിൽ വരുകയായിരുന്ന സ്കൂട്ടർ തട്ടിയതിനെ തുടർന്നാണ് മരണം. ജലജകുമാരി ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയും പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

സ്കൂട്ടർ ഓടിച്ചിരുന്ന ധനുവച്ചപുരം സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ തുഷാര (34) യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ജലജകുമാരിയുടെ ഭർത്താവ് ഒന്നര വർഷത്തിനു മുമ്പ് കണ്ണൂരിലെ ജോലി സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് വരവേ അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടിരുന്നു.ഇതിനുശേഷം ജലജ ഉദിയൻകുളങ്ങരയിലെ ഒരു സ്വകാര്യ ടെക്സ്റ്റൈൽസിൽ ജോലി നോക്കുകയായിരുന്നു. ഭർത്താവ് സ്വകാര്യ ബാങ്കിൽ നിന്നെടുത്ത കടത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടതു കാരണം ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ബാങ്കിനു നൽകിയതിനുശേഷം ഷോപ്പിലേയ്ക്ക് കൂട്ടുകാരിയുടെ സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. ജലജയ്ക്ക് 9 ഉം 4 വയസുമുള്ള ലക്ഷ്മി, പാർവ്വതി, എന്നീ മക്കളുണ്ട്. മൃതദേഹം ഇന്നലെ രണ്ട് മണിയോടെ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.