mamtha-banarjee

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വൻ പ്രതിഷേധ റാലി നടത്തി.

'നിങ്ങൾക്ക് എന്റെ സർക്കാരിനെ പിരിച്ചുവിടണമെങ്കിൽ അങ്ങനെ ചെയ്യാം. എന്നാൽ, ദേശീയ പൗരത്വ നിയമമോ പൗരത്വ രജിസ്റ്ററോ പശ്ചിമ ബംഗാളിൽ നടപ്പാക്കാൻ ഒരിക്കലും അനുവദിക്കില്ല. മമത ഒറ്റയ്ക്കാണെന്നാണ് അവർ കരുതുന്നത്. എനിക്കൊപ്പം നിരവധി പേരുണ്ട്. നിങ്ങളുടെ ഉദ്ദേശം ശുദ്ധമായിരുന്നെങ്കിൽ ജനം നിങ്ങളെ പിന്തുണയ്ക്കുമായിരുന്നു. മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല ഇത്. എന്താണോ ശരി അതിനു വേണ്ടി ഉള്ളതാണ്' ​

- മഹാറാലിയിൽ മമത പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നാളെയും ബംഗാളിൽ വിവിധയിടത്ത് റാലികൾ നടത്തും. അംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷമാണ് ഇന്നലെ റാലി ആരംഭിച്ചത്. 'നാമെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് നമ്മുടെ ലക്ഷ്യം. ആരും ബംഗാൾ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കാൻ നാം അനുവദിക്കില്ല. ഉത്കണ്ഠയില്ലാതെ സമാധാനത്തോടെ നാം ജീവിക്കും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ല. സമാധാനം നാം നിലനിറുത്തും' എന്ന പ്രതിജ്ഞയും റാലിയിൽ പങ്കെടുത്തവർ ചൊല്ലി.

പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തിവച്ചിരുന്നു.

 റാലി ഭരണഘടനാ വിരുദ്ധം- ഗവർണർ

'നീതിയും നിയമവും നിലനിൽക്കുന്ന രാജ്യത്ത് പൗരത്വബില്ലിനെതിരായ റാലിയുടെ തലപ്പത്ത് ബംഗാൾ മുഖ്യമന്ത്രിയും മന്ത്രിമാരും അണിചേർന്നത് വല്ലാതെ വേദനിപ്പിക്കുന്നു. ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യം. ഈ സന്ദർഭത്തിൽ ഈ നടപടി അനുചിതമായിപ്പോയി."

-ബംഗാൾ ഗവർണർ ജഗദീപ് ധൻകർ