പ്രിന്റർ താത്ക്കാലിക നിയമനം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ കാഷ്വൽ വേതനാടിസ്ഥാനത്തിൽ പ്രിന്റർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും മെഷീൻ വർക്കിൽ (ലോവർ പ്രിന്റിംഗ്) കെ.ജി.ടി.ഇ/എം.സി.ടി.ഇയും പാസായിരിക്കണം. ആഫ്റ്റർ കെയർ ഹോമിൽ നിന്ന് പ്രിന്റിംഗ് മെഷീൻ വർക്കിംഗ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം.
ഇ-ബുക്ക് ഏകദിന ശില്പശാല 18ന്
തിരുവനന്തപുരം: സ്റ്റേറ്റ്‌സെൻട്രൽ ലൈബ്രറിയും സന്നദ്ധ സംഘടന ചക്ഷുമതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നൂതന ഇ-ബുക്ക് ഏകദിന ശില്പശാല 18ന് നടക്കും. പ്രസിദ്ധീകരണ മേഖലയിലെ ഡിസൈൻ ആന്റ് ലേ ഔട്ട് ആർട്ടിസ്റ്റുകൾക്കും സോഷ്യൽ ഡിജിറ്റൽ രംഗത്ത് സ്വയം പ്രസിദ്ധീകരണത്തിന് ആഗ്രഹിക്കുന്ന എഴുത്തുകാർക്കുമായി പ്രൊഫഷണൽ/ അമച്വർ വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകും. അമേരിക്കയിലെ ബുക്ക് ഷെയർ ഇന്റർനാഷണനിലെ സാങ്കേതിക വിദഗ്ദ്ധരും പരിശീലനം നൽകും.
ഫോട്ടോകൾ, ചിത്രങ്ങൾ, ചാർട്ടുകൾ, രേഖാചിത്രങ്ങൾ എന്നിവ ഈ പബിൽ ഉൾക്കൊള്ളിക്കുവാനും അവയിലെ സചിത്ര വിവരണങ്ങൾ ബ്ലാക്ക് ആന്റ് റിക്കോർഡിംഗിലൂടെ കാഴ്ചയില്ലാത്തവർക്കും മൊബൈൽ വായനയുടെ പൂർണതയ്ക്കായി നൽകുന്നതിനും ഡിജിറ്റൽ വായനയിൽ അനായേസന നാവിഗേഷൻ സാധ്യമാക്കുന്നതിനുമുള്ള പ്രോഗ്രാമിഗും ശില്പശാലയിലൂടെ പഠിക്കാം. അന്തർ ദേശീയ ഭിന്നശേഷി പുസ്തക ലൈബ്രറിയായ ബുക്ക് ഷെയർ ലൈബ്രറിയുമായും ഭാരത സർക്കാരിന്റെ സുഗമിയാ പുസ്തകാലയവുമായും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സർവീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 09821452692 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. പങ്കെടുക്കുന്നവർ സ്വന്തം കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് കൊുവരണം.
നിയമസഭാസമിതി സിറ്റിംഗ് മാറ്റിവെച്ചു
തിരുവനന്തപുരം:കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി 17ന് രാവിലെ 10.30 മണിയ്ക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നതിന് നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് യോഗവും തുടർന്നുള്ള സന്ദർശനങ്ങളും മാറ്റി വച്ചു.