 90-ാം വാർഷിക നിറവിൽ കമ്പനി

 100-ാം വർഷത്തിലേക്കായി നൂതന പദ്ധതികൾ

കൊച്ചി: സ്‌റ്റീൽ വ്യവസായ രംഗത്തെ പ്രമുഖരായ കള്ളിയത്ത് ഗ്രൂപ്പ് 90-ാം വാർഷിക നിറവിൽ. 100-ാം വർഷത്തിലേക്കായി നൂതന - വികസന പദ്ധതികൾക്ക് ഇതോടനുബന്ധിച്ച് ഗ്രൂപ്പ് തുടക്കമിട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപയായിരുന്നു കള്ളിയത്ത് ടി.എം.ടിയുടെ വിറ്റുവരവ്. നടപ്പുവർഷം ഇത് 700 കോടി രൂപയും 2025ഓടെ 2,000 കോടി രൂപയും ആകുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ നൂർ മുഹമ്മദ് നൂർഷാ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രതിമാസം ഒരുലക്ഷം ടൺ ടി.എം.ടി ഡിമാൻഡുള്ള കേരളത്തിൽ, കള്ളിയത്തിന് വിപണി വിഹിതം 15 ശതമാനമാണ്. 2025ഓടെ ഇത് 40 ശതമാനമാക്കും. ഹൗസിംഗ്, വില്ല പദ്ധതികളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. കർണാടകയിലും തമിഴ്നാട്ടിലും സാന്നിദ്ധ്യം ശക്തമാക്കും.

നിലവിൽ മൊത്തം വില്പനയുടെ 93 ശതമാനം കേരളത്തിലാണ്. മാലിദ്വീപിലേക്ക് നേരിയതോതിൽ കയറ്റുമതിയുണ്ട്. 2025ഓടെ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി വിപണി വ്യാപിപ്പിച്ച് കയറ്റുമതി വിഹിതം 15 ശതമാനമാക്കും. ലക്ഷ്യങ്ങൾ കൈവരിക്കാനായി പാലക്കാട്ടെ ഫാക്‌ടറിയിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുണ്ട്. ഇതിനകം 30 കോടി രൂപ നിക്ഷേപിച്ച്, അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി. 40 ടണ്ണായിരുന്ന ഉത്പാദനം 200 ടണ്ണായി. നിക്ഷേപം പൂർണമാകുമ്പോൾ പ്രതിദിന ഉത്പാദനം ആയിരം ടണ്ണാകുമെന്നും അദ്ദേഹം പറഞ്ഞു.

95 ശതമാനം പൊല്യൂഷൻ ഫ്രീയായതും ഉന്നത നിലവാരമുള്ളതും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതുമായ ഉത്പന്നമാണ് കമ്പനി ഉറപ്പാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ദിർഷ മുഹമ്മദ് കള്ളിയത്ത് പറഞ്ഞു. തീരദേശ മേഖലകൾക്കായി തുരുമ്പിനെ തടുക്കുന്ന പ്രത്യേക ടി.എം.ടിയും കമ്പനി നിർമ്മിക്കും. തിരൂരിൽ മൂന്ന് ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച കള്ളിയത്ത് ഗ്രൂപ്പിന് നിലവിൽ 500ലധികം ജീവനക്കാരുണ്ട്. ആയിരത്തിലേറെ പേർ കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നു.

സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്‌കോള‌ർഷിപ്പ്, സ്കൂൾ കിറ്റ്, ഐ.എ.എസ്/ഐ.പി.എസ് പരിശ്രമികൾക്ക് സാമ്പത്തിക സഹായം, സ്‌റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് തുടങ്ങിയവും കമ്പനി നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെയിൽസ് മേധാവി സിബു, മാനേജ്‌മെന്റ് കൺസൾട്ടന്റ് അരവിന്ദ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.