കൊച്ചി: ഐ.ഡി.ബി.ഐ ബാങ്കിന് കേരളത്തിൽ വാനോളം വളർച്ചാ പ്രതീക്ഷ. കേരളത്തിൽ നടപ്പുവർഷം മൊത്തം ബിസിനസ് 10,000 കോടി രൂപ കവിയുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജോർട്ടി എം. ചാക്കോ 'കേരളകൗമുദി"യോട് പറഞ്ഞു. നിലവിൽ ഇത് 9,500 കോടി രൂപയാണ്. ഇതിൽ 5,300 കോടി രൂപ വായ്‌പകളാണ്.
റീട്ടെയിൽ വിഭാഗത്തിലാണ് ബാങ്കിന്റെ മൊത്തം വായ്‌പകളിൽ 53 ശതമാനവും. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ ചെറുകിട വായ്‌പകളിൽ 17 ശതമാനമാണ് വളർച്ച. ഭവന വായ്പാ വിതരണം 23 ശതമാനം ഉയർന്നു. ആനുപാതിക വളർച്ച കേരളത്തിലുമുണ്ട്. കേരളത്തിൽ കിട്ടാക്കടം ദേശീയ നിരക്കിനേക്കാൾ കുറവാണ്. വ്യക്തിഗത വായ്‌പയായി സംസ്ഥാനത്ത് മാത്രം ആയിരം കോടി രൂപ വിതരണം ചെയ്‌തു. ഭവന, വിദ്യാഭ്യാസ വായ്‌പകളിൽ നവംബർ പ്രകാരം കേരളത്തിൽ വളർച്ച 23.42 ശതമാനമാണ്. എം.എസ്.എം.ഇ വായ്‌പയായി 650 കോടി രൂപയും കേരളത്തിൽ നൽകി.
51 ശാഖകളും 107 എ.ടി.എമ്മുകളും 3 റീട്ടെയിൽ അസറ്റ് സെന്ററുകളും (കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം), ഒരു എം.എസ്.എം.ഇ വായ്‌പാ പ്രോസസിംഗ് സെന്ററും കൊച്ചിയിൽ കോർപ്പറേറ്റ് ബ്രാഞ്ചും കറൻസി ചെസ്‌റ്റും ബാങ്കിന് കേരളത്തിലുണ്ട്. ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ബാങ്ക് രാജ്യത്ത് തന്നെ മുൻനിരയിലാണ്. നിലവിൽ ബാങ്കിന്റെ മൊത്തം ഇടപാടുകളിൽ 64 ശതമാനവും ഡിജിറ്റലാണെന്നും അദ്ദേഹം പറഞ്ഞു.
ലാഭപാതയിലേക്ക്
ഏതാനും പാദങ്ങളിലായി നഷ്‌ടം കുറിക്കുന്ന ഐ.ഡി.ബി.ഐ ബാങ്ക് ഒക്‌ടോബർ-ഡിസംബറോടെ ലാഭത്തിലേറുമെന്നാണ് പ്രതീക്ഷയെന്ന് ജോർട്ടി എം. ചാക്കോ പറഞ്ഞു. വലിയ റിക്കവറി നടപടികളാണ് ഈവർഷം ബാങ്ക് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ പി.സി.എ നടപടിയിലുള്ള ബാങ്ക്, ഇതിന്റെ ചട്ടങ്ങൾ ഏതാണ്ട് പൂർണമായും പാലിച്ചു. വൈകാതെ, പി.സി.എയിൽ നിന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഐ.സിക്കൊപ്പം മുന്നോട്ട്
ബാങ്കിന്റെ 51 ശതമാനം ഓഹരികളും എൽ.ഐ.സി സ്വന്തമാക്കിയിരുന്നു. എൽ.ഐ.സിയിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും മൂലധന സഹായം ലഭിച്ചതിനാൽ ബാങ്കിന് ധന പ്രതിസന്ധിയില്ല. ബാങ്കിന്റെ ശാഖകൾ മുഖേന ഇതുവരെ 50,000 ഇൻഷ്വറൻസ് പോളിസികൾ വിതരണം ചെയ്‌തു. ഇതിലൂടെ 450 കോടി രൂപയുടെ പ്രീമിയം വരുമാനമാണ് എൽ.ഐ.സിക്ക് കൈമാറിയത്. എൽ.ഐ.സിയിൽ നിന്ന് ആയിരം കോടി രൂപയുടെ കാസ നിക്ഷേപം ബാങ്കിനും ലഭിച്ചു. എൽ.ഐ.സി ഉപഭോക്താക്കൾക്ക്, ഭവന വായ്‌പയിൽ 0.10 ശതമാനം പലിശയിളവ് ബാങ്ക് നൽകുന്നുണ്ട്.
കുറഞ്ഞ പലിശ
ഭവന വായ്പകൾക്ക് വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കിലൊന്നാണ് ഐ.ഡി.ബി.ഐ ബാങ്കിന്റേത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് ആനുപാതിക ഇളവ് ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്ക് ശ്രമിക്കുന്നുണ്ട്. വനിതകൾക്ക് 'സൂപ്പർ ശക്തി" പോലുള്ള പ്രത്യേക അക്കൗണ്ടുകളുണ്ട്. ഇതിലൂടെ, ആകർഷക ഡിസ്കൗണ്ടുകൾ സ്വന്തമാക്കാം.