ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെന്ന പട്ടം ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കി. ഇന്ത്യൻ ഓയിലിന്റെ പത്തുവർഷം നീണ്ട കുത്തകയാണ് 2018-19ൽ കുറിച്ച 5.81 ലക്ഷം കോടി രൂപ വരുമാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് അവസാനിപ്പിച്ചതും ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയതും. 5.36 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ഓയിലിന്റെ വരുമാനം.
പട്ടികയിൽ ഒന്നാമതെത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയുമാണ് റിലയൻസ്. റിലയൻസ് റീട്ടെയിൽ, ജിയോ എന്നിവയുടെ മികച്ച പ്രകടനമാണ് കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചത്. പട്ടികയിൽ ഒ.എൻ.ജി.സിയാണ് മുന്നാമത്. എസ്.ബി.ഐ., ടാറ്രാ മോട്ടോഴ്സ്, ബി.പി.സി.എൽ. എന്നിവ യഥാക്രമം നാലു മുതൽ ആറുവരെ സ്ഥാനങ്ങൾ നേടി.
രാജേഷ് എക്സ്പോർട്സ്, ടാറ്രാ സ്റ്റീൽ, കോൾ ഇന്ത്യ, ടി.സി.എസ്., എൽ ആൻഡ് ടി., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് യഥാക്രമം ഏഴ് മുതൽ 12 വരെ സ്ഥാനങ്ങളിലുള്ളത്. 2019ൽ ഫോർച്യൂൺ ഇന്ത്യ 500 പട്ടികയിലെ കമ്പനികളുടെ മൊത്തം വരുമാനം 9.53 ശതമാനവും ലാഭം 11.8 ശതമാനവും ഉയർന്നു.