പുത്തൂർ: മരുമകൾ കല്ലുകൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു. വെണ്ടാർ പൊങ്ങൻപാറ അമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മയാണ് (66) ഞായറാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. ആക്രമിച്ച ഇളയ മകൻ ബിമൽ കുമാറിന്റെ ഭാര്യ ഗിരിത (41) കോടതി റിമാൻഡ് ചെയ്ത് ജയിലിൽ കഴിയുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന രമണി അമ്മയെ പ്ലാസ്റ്റിക് കവറിൽ കല്ല് പൊതിഞ്ഞു കൊണ്ടുവന്ന് തലയ്ക്കടിക്കുകയായിരുന്നു. രമണിയമ്മ നിലവിളിച്ചെങ്കിലും കതകുകളെല്ലാം അടച്ച നിലയിലായതിനാൽ സമീപവാസികൾക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കതക് ചവിട്ടിപ്പൊളിച്ചാണ് ആളുകൾ അകത്തു കടന്നത്. അപ്പോഴേക്കും രമണിഅമ്മ മൃതപ്രായയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മറ്റുമക്കൾ: അനിൽകുമാർ, സുനിൽ കുമാർ. മറ്റു മരുമക്കൾ: ശ്രീലേഖ, റീന