സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ദർബാറിന്റെ ട്രെയിലർ പുറത്ത്. രജനി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു മിനുട്ട് നാൽപ്പത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
രജനികാന്തും സംവിധായകൻ എ .ആർ. മുരുഗദോസും ഒന്നിക്കുന്ന ആദ്യചിത്രമാണിത് . നയൻതാരയാണ് രജനിയുടെ നായിക. രജനിയും നയൻതാരയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചന്ദ്രമുഖി, ശിവാജി, കുസേലൻ എന്നീ ചിത്രങ്ങളിലാണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചത്. മാസും ക്ലാസും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സുനിൽ ഷെട്ടി വില്ലൻ കഥാപാത്രത്തിലെത്തുന്നു. 1992ൽ പുറത്തിറങ്ങിയ പാണ്ഡ്യൻ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തിൽ എത്തിയത്.