ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്തുക്കൾക്ക് വിലക്കയറ്റമുണ്ടെന്ന് സൂചിപ്പിച്ച്, നവംബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പവും ഉയർന്നു. ഒക്ടോബറിലെ 0.16 ശതമാനത്തിൽ നിന്ന് 0.58 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം മൊത്തവില നാണയപ്പെരുപ്പം മുന്നേറിയത്.
ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം 7.65 ശതമാനത്തിൽ നിന്നുയർന്ന് 9.02 ശതമാനത്തിലെത്തി. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം ഒക്ടോബറിലെ 4.62 ശതമാനത്തിൽ നിന്ന് നവംബറിൽ മൂന്നുവർഷത്തെ ഉയരമായ 5.54 ശതമാനത്തിൽ എത്തിയിരുന്നു. റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ പരിഷ്കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത്, നാല് ശതമാനത്തിന് താഴെയാണെങ്കിലേ പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ.
കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിപ്പോ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് വിസമ്മതിച്ചിരുന്നു. അടുത്ത യോഗത്തിലും പലിശ കുറയാനുള്ള സാദ്ധ്യതയാണ് ഇരു നാണയപ്പെരുപ്പ സൂചികകളും ഉയർന്നതോടെ മങ്ങിയത്. ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി കുതിക്കുന്നതാണ് റിസർവ് ബാങ്കിനെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകം. റീട്ടെയിൽ ഭക്ഷ്യോത്പന്ന വിലനിലവാരം ഒക്ടോബറിലെ 7.89 ശതമാനത്തിൽ നിന്നുയർന്ന് കഴിഞ്ഞമാസം 10.01 ശതമാനത്തിലെത്തിയിരുന്നു. 2018 നവംബറിൽ ഇത് നെഗറ്റീവ് 2.61 ശതമാനമായിരുന്നു.