കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ നേരിയ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 70 പോയിന്റ് താഴ്‌ന്ന് 40,938ലും നിഫ്‌റ്റി 32 പോയിന്റ് നഷ്‌ടവുമായി 12,053ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ ഇരു സൂചികകളും നേട്ടം കുറിച്ചിരുന്നു. എന്നാൽ, മൊത്തവില നാണയപ്പെരുപ്പം ഉയർന്ന കണക്കുകൾ പുറത്തുവന്നതോടെ, വിപണിയിൽ വൻ വില്പന സമ്മർദ്ദമുണ്ടായത്, നഷ്‌ടത്തിലേക്കുള്ള വഴി തെളിച്ചു.
ഐ.ടി.സി., റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് നഷ്‌ടത്തിന് നേതൃത്വം നൽകിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്), എച്ച്.ഡി.എഫ്.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് മികച്ച വാങ്ങൽ ട്രെൻഡുണ്ടായത് ഓഹരി സൂചികകളുടെ നഷ്‌ടത്തിന്റെ ആക്കം കുറച്ചു.