തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ മനപ്പൂർപ്പം പ്രചരിപ്പിച്ചതാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. 'ഈ വാർത്ത വെറുതെ ഉണ്ടായതല്ല. മനപ്പൂർവം പ്രചരിപ്പിച്ചതാണ്. എല്ലാ ചാനലുകളും മിനിട്ടുകൾ നീണ്ട അഭിമുഖത്തോടെ സംപ്രേഷണം ചെയ്യുകയും ഇപ്പോഴും ആവർത്തിക്കുകയും ചെയ്യുന്നുവെന്നും' സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ സത്യം പുറത്തുവരുമ്പോൾ ഈ നുണപ്രചാരണത്തിലൂടെ ഉണ്ടായ മുറിവുകൾക്ക് ആരുത്തരം പറയും. ഈ വാർത്തയെത്തുടർന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ മയ്യത്തുനമസ്കാരമടക്കം നടന്നത്. അവസാനം കോഴിക്കോട്ടെ യു.എ.പി.എ കേസ്സുപോലെ സി. പി. എം അവരെ കയ്യൊഴിയുകയും ചെയ്യും.- സുരേന്ദ്രൻ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല, വിദ്യാർത്ഥികളുടെയും പൊലീസിന്റെയും പോർക്കളമായി. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പ്രതിഷേധം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.