sonia-gandhi-

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെത്തുടർന്ന് രാജ്യത്തുണ്ടായ ആക്രമസംഭവങ്ങളിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസർക്കാർ സ്വന്തം ജനതയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സോണിയ ആരോപിച്ചു. ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്നാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വർഗീയ സംഘർഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്ന കാര്യം വ്യക്തമാണെന്ന് സോണിയാ ഗാന്ധി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സത്ഭരണത്തിലൂടെ സമാധാനവും സഹവർത്തിത്വവും നിലനിറുത്തുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ സ്വന്തം ജനതയ്ക്കു മേൽ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബി.ജെ.പി സർക്കാരെന്നും സോണിയ ഗാന്ധി ആരോപിച്ചു.