കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാർ്തഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാള സിനിമയിലെ യുവതാരങ്ങൾ. ജാമിയ ഇസ്ലാമിയ സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് അതിക്രമത്തെ തടഞ്ഞ മലയാളിയായ വിദ്യാർത്ഥിനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരങ്ഹൾ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്..
'ഇന്ത്യയിലെ എല്ലാ കുട്ടികളെയും ഒരുമിപ്പിക്കാൻ ഈ ചൂണ്ടു വിരൽ മതിയാകും. ഭരണഘടനയോട് സത്യസന്ധരായിരിക്കുക. ഇന്ത്യയുടെ യഥാർത്ഥ മക്കളായി നിലകൊള്ളുക, ജയ് ഹിന്ദ്'.. കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു. 'മതേതരത്വം വിജയിക്കട്ടെ' എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിപ്ളവം എല്ലായ്പ്പോഴും ആഭ്യന്തരസൃഷ്ടിയാണെന്നും ഉണരൂവെന്നും സമരചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ടൊവീനോയുടെ കുറിപ്പ്. 'ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്‌നുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!' ടൊവീനോയുടെ കുറിച്ചു.
ഇവർക്കൊപ്പം നടിമാരായ റിമ കല്ലിങ്കലും അമലപോളും സംവിധായകൻ ആഷിക് അബുവുമടക്കം നവമാദ്ധ്യമങ്ങളിൽ ഐക്യദാർഢ്യം പങ്കുവച്ചു.