തിരുവനന്തപുരം: പരസ്പരം പോരടിക്കുന്ന കോൺഗ്രസും ഇടതുമുന്നണിയും ഒരുമിച്ച് ഒരുവേദിയിൽ ഒരമ്മപെറ്റ മക്കളെപ്പോലെയിരുന്ന് സമരം ചെയ്യുന്ന അപൂർവ കാഴ്ചയ്ക്ക് ഇന്നലെ തലസ്ഥാന നഗരം സാക്ഷിയായി.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിന്റെ ശബ്ദം ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ നടന്ന സത്യാഗ്രഹ സമരം. സമരം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അഭിവാദ്യം അർപ്പിച്ച് രാവിലെ പത്തിനു ആരംഭിച്ച പ്രകടനങ്ങൾ സമരം അവസാനിക്കും വരെ തുടർന്നു.
ഭരണ പ്രതിപക്ഷ നിരയിലെ നേതാക്കൾക്കു പുറമേ മത നേതാക്കളും സാഹിത്യകാരന്മാരും കലാകാരന്മാരും സമുദായ സംഘടനാ നേതാക്കളും സമരത്തിന് അണിചേർന്നു.
ഒട്ടും ബോറടിപ്പിക്കാതെ വിഷയത്തെക്കുറിച്ച് പ്രസംഗിക്കാൻ ഒാരോ നേതാക്കന്മാരും ശ്രമിച്ചു. പ്രസംഗം വിട്ട് മതമൈത്രി വിളിച്ചോതുന്ന ചലച്ചിത്ര ഗാനം ആലപിച്ചാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈയടി നേടിയത്.
':മൗനം' എന്ന സിനിമയിലെ
കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ട് നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവമൊന്ന്
എന്ന് നല്ല ഈണത്തിൽ മന്ത്രി പാടി.
പിന്നീട് സംസാരിച്ച കെ.പി.എം.എസിന്റെ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സഹോദരൻ അയ്യപ്പന്റെ കവിതാ ശകലമാണ് പ്രസംഗത്തിനു പകരമായി ചൊല്ലിയത്.
'കളം നന്നാവണം സർവ്വ ജാതിക്കാരും മതസ്ഥരും
ചൈത്യ സുഭഗം നല്ല നാളെ നമ്മുക്കു കൈവരാൻ
ശൈഥല്യ മുക്തി ഇന്ത്യയ്ക്കു വന്നിടാൻ ഇതു താൻ വഴി "
വിവിധ മുസ്ലിം സംഘടനകളും ബീമാപള്ളി ജമാഅത്ത് അംഗങ്ങളും സമരത്തിന് അഭിവാദ്യം അർപ്പിച്ച് രക്തസാക്ഷി മണ്ഡപത്തിലെത്തിയിരുന്നു.
നീലക്കുപ്പായത്തിലെ തൊഴിലാളികളെ അണിനിരത്തി സി.ഐ.ടി.യുക്കാരും ചുവപ്പുക്കുപ്പായക്കാരായ തൊഴിലാളികളുമായി എ.ഐ.ടി.യു.സിക്കാരും കൂറ്റൻ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും ജില്ലയിലെ അവരുടെ കരുത്ത് കാണിച്ചാണ് പ്രകടനം നടത്തിയത്. വിദ്യാർത്ഥി സംഘടനകളിൽ പെട്ടവരും വ്യാപാരി വ്യവസായ സമിതി പ്രവർത്തരും പ്രകടനമായി എത്തി. വിവിധ കർഷക സംഘടകളും മഹിളാ സംഘടകളും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിവാദ്യവുമായി എത്തി.
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത, മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിക്കരുത്, തുല്യമായ പൗരാവകാശങ്ങൾക്കു വേണ്ടി മതപരായ വിവേചനം വേണ്ടേ വേണ്ട!, പോരാടി നേടിയ സ്വാതന്ത്ര്യം ഹിന്ദു രാഷ്ട്രത്തിനു വേണ്ടി തുലയ്ക്കുകയില്ല തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും പിടിച്ചാണ് പ്രകടനക്കാർ എത്തിക്കൊണ്ടിരുന്നത്. ചുട്ടുപൊള്ളുന്ന ചൂടിൽ മുദ്രാവാക്യം വിളിച്ചെത്തുന്നവർക്കായി ചുക്കുവെള്ളം വിതരണം ചെയ്തത് സ്ഥലത്ത് എത്തിയവർക്ക് ആശ്വാസം പകരുന്നതായി.