തിരുവനന്തപുരം: ദേശീയ പൗരത്വബില്ലിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹം നടത്തിയതിനെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചു.
സമരത്തിന്റെ ആദ്യ മണിക്കൂറുകളിൽ എം.ജി റോഡിൽ വെള്ളയമ്പലത്തേക്കുള്ള റോഡിൽ ഗതാഗതം അനുവദിക്കാൻ കഴിയാത്ത തിരക്കായിരുന്നു. മറുവശത്ത് മാത്രമായി ഗതാഗതം അനുവദിച്ചെങ്കിലും കാറുകളും ആട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് ഓടിയത്. ട്രാൻസ്പോർട്ട് ബസുകൾ ബേക്കറി ജംഗ്ഷൻ വഴി തിരിച്ചുവിടുകയായിരുന്നു. പതിനൊന്നോടെ ഏതാനും ബസുകൾ പാളയം വഴി കടന്നു പോയി.
പാളയത്തു നിന്നു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരുന്നു. ജനറൽ ആശുപത്രി വഴി കടന്നു പോകുന്ന ബസ് സർവീസുകൾ തടസപ്പെട്ടതോടെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സെന്റ് ജോസഫ് സ്കൂളിലെയും ഹോളി ഏഞ്ചൽസ് സ്കൂളിലെയും വിദ്യാർത്ഥികൾ വലഞ്ഞു. കിഴക്കേകോട്ട ഭാഗത്തേക്കു പോകേണ്ട വിദ്യാർത്ഥികൾ നടന്നാണ് പോയത്.
വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തിയവരും ഗതാഗതക്കുരുക്കിൽ പെട്ടു. ഗതാഗത ക്രമീകരണത്തിന് പൊലീസ് എല്ലായിടത്തും നിലയുറപ്പിച്ചിരുന്നു.