തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാന കരകൗശല വികസന കോർപറേഷൻ അയ്യങ്കാളി ഹാളിൽ ആരംഭിച്ച കൈരളി കരകൗശല കൈത്തറി വിപണന പ്രദർശനമേള ജനപങ്കാളിത്തം കൊണ്ടും വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമാകുന്നു. പാരമ്പര്യം പ്രകടമാക്കുന്ന കരകൗശല ഉത്പന്നങ്ങളുടെ മേന്മയും മഹിമയും, അവ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും മേഖലയിലുണ്ടാകുന്ന നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 30ലധികം സ്റ്റാളുകളാണ് മേളയിലുള്ളത്. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ശാന്തി നികേതൻ ബാഗുകൾ, കോലാപുരി ചെരുപ്പുകൾ, ഗ്ലാസ് വർക്ക് ചെയ്ത മിഡി, ടോപ്പ്, മ്യൂറൽ പെയിന്റ് ചെയ്ത സാരികൾ, ബെഡ് ഷീറ്റുകൾ, മുളയുത്പന്നങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.
കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകൾ, ഈട്ടിയിലും കുമ്പിൾത്തടിയിലും തീർത്ത വിവിധതരം ശില്പങ്ങൾ, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കൾ, അതിപുരാതനകാലം മുതലുള്ള നെട്ടൂർപെട്ടി, മൺപാത്ര ഉത്പന്നങ്ങൾ, കൈത്തറി തുണിത്തരങ്ങൾ, ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനത് കേരളീയ ഉത്പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്.
ഇടനിലക്കാരില്ലാതെ തൊഴിലാളികൾക്ക് ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള അവസരവും മേളയിലുണ്ട്. മേള 22നാണ്HAN അവസാനിക്കുന്നത്.