തിരുവനന്തപുരം: കറണ്ട് പോയാൽ ഉടൻ ശരിയാക്കാൻ തിരുവനന്തപുരത്ത് സ്കാഡയെത്തി. ഇനി എവിടെ കറണ്ട് പോയാലും ആരും കെ.എസ്.ഇ.ബി സെക്ഷൻ ഒാഫീസിന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കേണ്ട. വിളിച്ചാൽ ആരുമെടുത്തില്ലെന്നു പറഞ്ഞ് ശപിക്കുകയും വേണ്ട. കൺട്രോൾ റൂം നമ്പരിൽ വിളിച്ച് സ്ത്രീശബ്ദത്തോട് കൺസ്യൂമർ നമ്പരും മൊബൈൽ ഫോൺ നമ്പരുമെല്ലാം പറഞ്ഞ് പരാതി രജിസ്റ്റർ ചെയ്ത് അതിൽ നടപടിയെന്തായെന്ന് വിളിച്ച് അലയുകയും വേണ്ട. എല്ലാം ശരിയാക്കി കെ.എസ്.ഇ.ബി പുതിയ സംവിധാനമൊരുക്കി. അതാണ് സ്കാഡ.
ഇന്നലെ മന്ത്രി എം.എം. മണി പുതിയ സംവിധാനം തിരുവനന്തപുരത്തെ ജനങ്ങൾക്ക് സമർപ്പിച്ചു. നാളെ മുതൽ കറണ്ട് പോയാൽ ഉടൻ നടപടിവരുന്നുണ്ടോയെന്ന് നോക്കിയാൽ മാത്രം മതി.
സ്കാഡ എന്ന് പറഞ്ഞാൽ പൊലീസുകാർ പ്രത്യേക അന്വേഷണത്തിന് നിയോഗിക്കുന്ന സ്ക്വാഡ് പോലെ പ്രത്യേക ടീമൊന്നുമല്ല. കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രത്യേക ഹൈടെക് വൈദ്യുതി വിതരണ നിയന്ത്രണ സംവിധാനമാണ്. നഗരങ്ങളിലെ വൈദ്യുതിവിതരണം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇന്റഗ്രേറ്റഡ് പവർ ഡെവലപ്മെന്റ് സ്കീം എന്ന ഐ.പി.ഡി.എസ് പദ്ധതിയനുസരിച്ച് അവർ നൽകിയ പണം ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ സംവിധാനമാണിത്. സൂപ്പർ വൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ ആണ് സ്കാഡ. ഇത് വൈദ്യുതി ഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനമാണ്.
നഗരത്തിലെ പതിന്നാല് സെക്ഷനുകളെ മാപ്പ് ചെയ്ത്, അതിലെ വിതരണ സംവിധാനവും ട്രാൻസ്ഫോർമറുമെല്ലാം ഇൗ സംവിധാനത്തിലേക്ക് സംയോജിപ്പിക്കും. ഇതിൽ റിമോട്ട് ടെർമിനൽ യൂണിറ്റ്, മാസ്റ്റർ ടെർമിനൽ യൂണിറ്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം, ഒാപ്പറേറ്റർ വർക്ക് സ്റ്റേഷൻ തുടങ്ങി വിവിധ സംവിധാനങ്ങളുണ്ട്. ഇതിലൂടെ ഒാരോ പ്രദേശത്തെയും വൈദ്യുതി വിതരണ ലൈനിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയുടെ തോത്, വോൾട്ടേജ് തുടങ്ങിയവയെല്ലാം അറിയാം. നിശ്ചിത തോതിലും കുറഞ്ഞാൽ ഉടൻ കൺട്രോൾ റൂമിൽ അലാറമടിക്കും. വൈദ്യുതി വിതരണം നിലച്ചാൽ സൈറൺ മുഴങ്ങും. മാപ്പ് ചെയ്തിട്ടുള്ളതിനാൽ ഏത് പ്രദേശത്താണ് വൈദ്യുതി നിലച്ചതെന്നും അതെന്തുകൊണ്ടാണെന്നും ചുമ്മാ കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയാൽ തന്നെ അറിയാം. അതെങ്ങിനെ പരിഹരിക്കാമെന്നും സിസ്റ്റം പറഞ്ഞുകൊടുക്കും. ഇതിനുള്ള ഇന്റലിജന്റ് ഇലക്ട്രോണിക് സംവിധാനം ഇതിലുണ്ട്. ഇതോടെ പണി പൂർത്തിയാക്കുന്ന കാര്യം ചെയ്താൽ മതിയാകും.
ഇതോടൊപ്പം വൈദ്യുതി ഭവനിൽ സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. 12.5 സെന്റ് സ്ഥലത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കണ്ടെയ്നർ സബ്സ്റ്റേഷൻ സ്ഥാപിച്ചത്. ഇത് പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിൽ തടസം കൂടാതെ വൈദ്യുതി എത്തിക്കാനുമാകും.
ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ കെ.ശ്രീകുമാർ, കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ.എസ്.പിള്ള, നഗരസഭ കൗൺസിലർമാരായ പാളയം രാജൻ, എസ്.എസ്.സിന്ധു, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.